പത്ര ഏജന്റിനെ അക്രമിച്ച സംഭവം പോലീസ് കോളജിലെത്തി മൊഴിയെടുത്തു

കൊയിലാണ്ടി: പത്ര ഏജന്റിനെ അക്രമിച്ച സംഭവം പോലീസ് മെഡിക്കല്‍ കോളജിലെത്തി മൊഴിയെടുത്തു. മാതൃഭൂമി ചേലിയ പുതിയാറമ്ബത്ത് ഏജന്റ് വലിയപറമ്ബത്ത് മീത്തലെ വീട്ടില്‍ ഹരിദാസനെ (51) യാണ് ഇന്ന് പുലർച്ചെ
മൂന്നംഗ സംഘം അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹരിദാസനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളേജില്‍ എത്തിയാണ് പോലീസ് ഹരിദാസന്റെ മൊഴി രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ നാലര മണിയോടെയാണ് അക്രമണം നടന്നത്. വിതരണത്തിനായി ചെങ്ങോട്ടുകാവില്‍ നിന്നും മാതൃഭൂമി പത്രക്കെട്ടുമായി ഇരുചക്ര വാഹനത്തില്‍ പുറപ്പെട്ട ഹരിദാസനെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് അക്രമിച്ചത്. ഇരുമ്ബ് വടി,ആണി തറച്ച പട്ടിക എന്നിവ ഉപയോഗിച്ചാണ് ഹരിദാസനെ അടിച്ചു വീഴ്ത്തിയത്.

കാലിന്റെയും കൈയുടേയും എല്ലുകള്‍ തകര്‍ന്നു. വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റു. അക്രമത്തിന് ശേഷം ഹരിദാസനെ റോഡരികില്‍ ഉപേക്ഷിച്ച് അക്രമി സംഘം കടന്നു കളഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. കാലിനും കൈക്കും അടിയന്തിര ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ആക്രമണം ചേലിയ ഗ്രാമത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചേലിയ ഭാഗത്ത് നേരിയ രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്നു. എന്നാല്‍ മാതൃഭൂമി പത്ര ഏജന്റ് ഹരിദാസ് രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ലാത്തയാളാണ്.

അക്രമത്തില്‍ പ്രതിഷേധിച്ച് പത്ര ഏജന്റുമാരും വിതരണക്കാരും ചെങ്ങോട്ടുകാവിൽ പ്രകടനം നടത്തി. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കൊയിലാണ്ടി പ്രിന്‍സിപ്പല്‍ എസ്.ഐ സി. കെ. രാജേഷ് പറഞ്ഞു.
