ജനപക്ഷ വികസനം യാഥാർഥ്യമാക്കാൻ ജീവനക്കാർ ജനങ്ങളുമായി ചേർന്നു നിൽക്കണം: തോമസ് ഐസക്

കണ്ണൂർ: എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്ന ജനപക്ഷ വികസനം യാഥാർഥ്യമാക്കാൻ ജീവനക്കാർ ജനങ്ങളുമായി ചേർന്നു നിൽക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ഭരണയന്ത്രത്തിന്റെ ജനകീയവത്കരണത്തിന് സംഘടനകൾക്കു വലിയ പങ്കു വഹിക്കാൻ കഴിയും. സർക്കാർ കാര്യക്ഷമമായി എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ ഗ്യാരണ്ടിയായി സംഘടനകൾ മാറണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരള എൻജിഒ യൂണിയൻ 54 -ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന ‘എൽഡിഎഫ് സർക്കാർ പിന്നിട്ട ഒരുവർഷം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പുതിയ വ്യവസായങ്ങൾ, ആവശ്യമായ പശ്ചാത്തലം എന്നിവയ്ക്കും രൂപം നൽകണം. സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വീടില്ലാത്ത മുഴുവൻ പേർക്കും വീട് നിർമിച്ചുനൽകുവാനും വാദ്യമേളക്കാർ, തെയ്യം കലാകാരൻമാർ തുടങ്ങി വിവിധ ജീവിതതുറകളിലെ 60 വയസ് കഴിഞ്ഞ അർഹതപ്പെട്ട മുഴുവൻ പേർക്കും പെൻഷൻ നൽകാനുമാണു സർക്കാർ തീരുമാനം. താലൂക്കാശുപത്രികളിലടക്കം സൂപ്പർ സ്പെഷാലിറ്റി സംവിധാനം വരികയാണ്. വിദ്യാഭ്യാസരംഗത്തു അടിസ്ഥാനവികസത്തിനു വൻ തുകയാണു മാറ്റിവയ്ക്കുന്നത്.

രാജ്യത്ത് ഐടി വ്യവസായം കയറ്റുമതിയെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകുന്പോൾ കേരളം വിവരസാങ്കേതിക വിദ്യയെ സമഗ്രമായി പ്രയോജനപ്പെടുത്തി നാടിനനുയോജ്യമായ തൊഴിൽമേഖലകൾ വികസിപ്പിക്കാനാണു ശ്രമിക്കുന്നത്.

നിങ്ങളുടെ സന്പാദ്യം നാടിന്റെ സൗഭാഗ്യം എന്ന സന്ദേശം ഉയർത്തി 25 ലക്ഷം പ്രവാസി മലയാളികളിൽ വലിയൊരു വിഭാഗത്തെ കെഎസ്എഫ്ഇ ചിട്ടികളുമായി സഹകരിപ്പിക്കാൻ ഉദ്ദേശിക്കുന്നു. പോയകാലത്തിന്റെ ആവശ്യകതയ്ക്കനുസരിച്ചു രൂപംകൊണ്ട സിവിൽ സർവീസല്ല ഇന്നാവശ്യം. പുതിയ കാലഘട്ടത്തിനനുസരിച്ച് ഉടച്ചു വാർക്കൽ അനിവാര്യമാണെന്നും തോമസ് ഐസക് പറഞ്ഞു.
