മദ്യപിച്ചു വാഹനം ഓടിച്ച ഭർത്താവിനെ പിടികൂടിയ പൊലീസ് ഒപ്പമുണ്ടായിരുന്ന ഭാര്യയെ വഴിയിലിറക്കി വിട്ടു

കോട്ടയം: മദ്യപിച്ചു ഇരുചക്രവാഹനം ഓടിച്ച ഭർത്താവിനെ രാത്രി വാഹന പരിശോധനയ്ക്കിടെ പിടികൂടിയ പൊലീസ്, ഒപ്പമുണ്ടായിരുന്ന ഭാര്യയെ വഴിയിലിറക്കി വിട്ടു. രാത്രിയിൽ നടു റോഡിൽ പകച്ചു നിന്ന യുവതിയെ വീട്ടിലെത്തിച്ചത് പഞ്ചായത്ത് അംഗം.
ഇന്നലെ രാത്രി എട്ടു മണിയോടെ വടവാതൂർ – ഇഎസ്‌ഐ റോഡിലായിരുന്നു സംഭവം. വിജയപുരം പഞ്ചായത്തിലെ ജീവനക്കാരിയും ഭർത്താവും ഈ വഴിയിലൂടെ സ്‌കൂട്ടറിൽ വരികയായിരുന്നു. ഈ സമയത്താണ് മണർകാട് പൊലീസ് ഇവിടെ വാഹന പരിശോധന നടത്തിയത്.

മദ്യപിച്ചിരുന്ന ഭർത്താവിനെ പൊലീസ് പരിശോധയ്ക്കിടെ പിടികൂടി. ഈ സമയം കൂടെയുണ്ടായിരുന്ന ഭാര്യയെ റോഡിൽ ഇറക്കി നിർത്തുകയായിരുന്നു. തുടർന്നു ഭർത്താവിനെ പൊലീസ് ജീപ്പിൽ കയറ്റുകയും, ഇവരുടെ ബൈക്ക് ഒരു പൊലീസുകാരൻ ഓടിച്ചു കൊണ്ടു സ്‌റ്റേഷനിലേയ്ക്കു പോകുകയും ചെയ്തു.

യുവതി തനിയെ രാത്രിയിൽ ഇരുട്ടിൽ നിൽക്കുന്നതിനിടെയാണ് ഇതുവഴി വിജയപുരം പഞ്ചായത്തംഗം വി.ടി സോമൻകുട്ടി എത്തിയത്. തുടർന്നു സോമൻകുട്ടി ഇവരെ മറ്റൊരു വാഹനത്തിൽ ഇവരുടെ വീട്ടിലെത്തിച്ചു. തുടർന്നു ഭർത്താവിനെ ജാമ്യത്തിലിറക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകുമെന്നു യുവതിയും ബന്ധുക്കളും അറിയിച്ചു.

