ISRO ഗ്രൂപ്പ് -എ സയന്റിസ്റ്റ്/എഞ്ചിനീയർ ‘എസ്സി’ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
.
ഐഎസ്ആർഒ ഗ്രൂപ്പ് -എ സയന്റിസ്റ്റ്/എഞ്ചിനീയർ ‘എസ്സി’ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് വിഭാഗങ്ങളിലായി 175 ഒഴിവുകളാണുള്ളത്. രാജ്യത്തുടനീളമുള്ള വിവിധ ഐഎസ്ആർഒ കേന്ദ്രങ്ങളിലും ലബോറട്ടറികളിലുമായിരിക്കും നിയമനം നടത്തുക. യോഗ്യരായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് എന്നീ വിഷയങ്ങളിൽ കുറഞ്ഞത് 65 ശതമാനം മാർക്കോടെയോ അല്ലെങ്കിൽ 6.84 CGPA യോടെയോ വിജയിച്ച BE/BTech അല്ലെങ്കിൽ തത്തുല്യ ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യതയായി പറഞ്ഞിരിക്കുന്നത്.

അപേക്ഷകർക്കുള്ള പൊതുവായ പ്രായപരിധി 28 വയസ്സാണ്. നിയമാനുസൃതമായ പ്രായപരിധി ഇളവുകൾ ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. രാജ്യത്തെ 37 നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കും. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ആയിരിക്കും പരീക്ഷാകേന്ദ്രങ്ങൾ. അപേക്ഷാ ഫീസ് 250 രൂപയാണ്. എന്നാൽ തുടക്കത്തിൽ എല്ലാ ഉദ്യോഗാർഥികളും 750 രൂപ പ്രോസസിങ് ഫീസായി അടയ്ക്കേണ്ടതുണ്ട്.

എഴുത്തുപരീക്ഷ എഴുതുന്ന വനിതകൾ, എസ്‌സി (SC), എസ്ടി (ST), ഭിന്നശേഷിക്കാർ എന്നിവർക്ക് ഈ പ്രോസസിങ് ഫീസ് (750 രൂപ) പൂർണമായും റീഫണ്ട് ചെയ്യും. മറ്റ് വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്ക് ശേഷം 500 രൂപ തിരികെ ലഭിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ www.isro.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി വേണം അപേക്ഷിക്കാൻ. സെപ്റ്റംബർ 16 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.




