അസി: മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടറെ ഓഫീസിൽ കയറി മർദിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ജോയിന്റ് ആർ.ടി.ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടറെ ഓഫീസിൽ കയറി മർദിച്ചതായി പരാതി. ഷാജിൽ കെ.രാജ് (44) നെയാണ് മർദ്ദിച്ചത്. ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. അ ക്രമത്തിനിടയിൽ ഓഫീസിലെ കംപ്യൂട്ടറും തകർന്നിട്ടുണ്ട്. സ്വകാര്യ ഡ്രൈവിംഗ് സ്കൂൾ സ്ഥാപനത്തിലെ മൂന്നംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു.

ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മാസം 18 – ാം തിയ്യതി ടെസ്റ്റ് ഗ്രൗണ്ടിൽ പുതിയ വണ്ടി രജിസ്റ്റർ ചെയ്യുന്നതിനായി പ്രശ്നങ്ങൾ സൃഷ്ടിച്ചതായും പിന്നീട് 22 – നും തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികൾ ഒളിവിൽ പോയതായാണ് വിവരം. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




