KOYILANDY DIARY.COM

The Perfect News Portal

അന്താരാഷ്ട്ര മയക്കുമരുന്ന് ബന്ധങ്ങളുള്ള ബച്ചാഭായ് പിടിയില്‍

കൊച്ചി: അന്താരാഷ്ട്ര മയക്കുമരുന്ന് ബന്ധങ്ങളുള്ള ബച്ചാഭായ് എന്നറിയപ്പെടുന്ന ഗോവന്‍ മയക്കുമരുന്ന് ഇടപാടുകാരന്‍ ബര്‍ദേഷ് സ്വദേശി ദീപക് എസ്. കലന്‍ ഗുഡ്കര്‍ (48) പിടിയില്‍. എറണാകുളം കേന്ദ്രീകരിച്ചുള്ള എക്സൈസ് സംഘത്തിന്റെ ആസൂത്രിതമായ നീക്കത്തിനൊടുവിലാണ് ഇയാളെ എക്സൈസ് സംഘം വലയിലാക്കിയത്. മഫ്തി വേഷത്തിലെത്തിയ അന്വേഷണ സംഘം ഗോവയില്‍ നിന്നും അതിസാഹസികമായാണ് പ്രതിയെ കൊച്ചിയിലെത്തിച്ചത്. ഇവര്‍ക്ക് വധശ്രമങ്ങളും ഉണ്ടായെന്നാണ് സൂചനകള്‍. ഗോവയില്‍ വച്ച്‌ ലഹരി മരുന്ന് കൈമാറിയത് ബച്ചാഭായ് എന്ന ഇടനിലക്കാരനാണെന്ന് സനീഷ് എക്സൈസ് സംഘത്തിന് മൊഴി നല്‍കിയിരുന്നു.

സനീഷ് കൈമാറിയ ബച്ചാഭായിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ദീപകിനെ തിങ്കളാഴ്ച കൊച്ചിയിലെത്തിച്ച്‌ റിമാന്‍ഡ് ചെയ്തതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എം.കെ നാരായണന്‍ കുട്ടി പറഞ്ഞു. അതേ സമയം ലഹരി മാഫിയ നിയോഗിച്ച ഒരു സംഘം അഭിഭാഷകര്‍ അസി. എക്സൈസ് കമ്മിഷണറുടെ ഓഫിസിലെത്തി ജാമ്യത്തിന് ശ്രമിച്ചെങ്കിലും നല്‍കിയിലെന്നാണ് സൂചന. അസി. എക്സൈസ് കമ്മിഷണര്‍ ബെന്നി ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ബച്ചാഭായിയെ അറസ്റ്റ് ചെയ്തത്.

കേരളത്തില്‍ ഏതെങ്കിലും എക്സൈസ് സംഘം പിടികൂടുന്നതില്‍ വച്ച്‌ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയായിരുന്നു ഒരാഴ്ച മുമ്പ്‌ കൊച്ചിയിലെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടന്നത്. വിദേശരാജ്യങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന വീര്യമേറിയ എക്സ്റ്റസി എന്നു പേരായ എം.ഡി.എം.എയും ഹാഷിഷ് ഓയിലും ഉള്‍പ്പെടെ 84 ലക്ഷം രൂപയുടെ വന്‍ മയക്കുമരുന്ന് ശേഖരമാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. കൊച്ചി കേന്ദ്രീകരിച്ച്‌ കോടികളുടെ മയക്കുമരുന്ന് വില്‍പ്പന നടത്തിവരുന്ന സംഘത്തിലെ പ്രധാനകണ്ണിയായ കുമ്പളം സ്വദേശി സനീഷ് സര്‍വ്വോത്തമന്‍ (32) നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദീപക് എസ്. കലന്‍ ഗുഡ്കര്‍ പിടിയിലായത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *