ജനകീയ സമര സമിതി അനിശ്ചിതകാല സമരം തുടങ്ങി

രാമനാട്ടുകര: സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് അടച്ചുപൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാല വീണ്ടും തുറന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതി അനിശ്ചിതകാല സമരം തുടങ്ങി. ദേശീയപാതയില്‍ രാമനാട്ടുകര ഒമ്പതാം മൈലിലെ മദ്യവില്പനശാലയാണ് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം തുറന്നത്.
വ്യാഴാഴ്ച വൈകുന്നേരം കോടതി ഉത്തരവിനെത്തുടര്‍ന്ന് മദ്യശാല തുറന്നതുമുതല്‍ നാട്ടുകാരും വിവിധ രാഷ്ട്രീയപ്പാര്‍ട്ടിക്കാരും പ്രതിഷേധവുമായി എത്തിയിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാമനാട്ടുകര നഗരസഭയില്‍ ഹര്‍ത്താലും നടത്തി. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേരാണ് സമരപ്പന്തലില്‍ എത്തിയത്. സ്വാതന്ത്ര്യ സമര സേനാനി പി. വാസു സമരം ഉദ്ഘാടനം ചെയ്തു. എന്‍.സി. ഹംസക്കോയ, എം.പി. മോഹനന്‍, എം.പി. ജനാര്‍ദനന്‍, പി. കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

