കാറില്‍ കടത്തുകയായിരുന്ന 288കുപ്പി മാഹി മദ്യം പിടികൂടി

നാദാപുരം > കാറില്‍ കടത്തുകയായിരുന്ന 288കുപ്പി മാഹി മദ്യം നാദാപുരം എക്സൈസ് സംഘം പിടികൂടി. പെരിങ്ങത്തൂര്‍ കായപ്പനച്ചിയില്‍ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് 288 കുപ്പി വിദേശ മദ്യം പിടികൂടിയത്. ചൊവാഴ്ച്ച രാത്രി കായപ്പനിച്ചിയില്‍ വാഹന പരിശോധനക്കിടെയാണ് മദ്യം പിടികൂടിയത്.
പള്ളൂരില്‍നിന്ന് നാദാപുരം ഭാഗത്തേക്ക് അമിത വേഗതയില്‍ വരികയായിരുന്ന മാരുതി ആള്‍ട്ടോ കാറിന് കൈ കാണിച്ച് നിര്‍ത്തിയെങ്കിലും എക്സൈസ് സംഘം വാഹനത്തിന് അടുത്ത് എത്തിയപ്പോഴേക്കും കാര്‍ തിരിച്ച് പെരിങ്ങത്തൂര്‍ കിടഞ്ഞി ഭാഗത്തേക്ക് പോവുകയായിരുന്നു.

മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പുളിയനമ്പ്രത്ത് കാട്ടില്‍ പള്ളി പിടികയുള്ള മുക്കില്‍ കാര്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. റോഡരികിലെ കീരീന്റെവിട ദാവാദിന്റെ ഉടമസ്ഥതയിലുള്ള മണ്ണെടുത്ത പറമ്പിലാണ് കാര്‍ ഉപേക്ഷിച്ചത്.

കാര്‍ തുറന്ന് നാട്ടുകാരും എക്സൈസ് അധികൃതരും നടത്തിയ പരിശോധനയില്‍ കാറിന്റെ സീറ്റിലും ഡിക്കിയിലുമായി 16 കെയ്സിലായാണ് 288 കുപ്പി വിദേശ മദ്യം കണ്ടെത്തിയത്. തുടര്‍ന്ന് കാര്‍ കെട്ടിവലിച്ച് നാദാപുരം എക്സൈസ് ഓഫീസിലെത്തിച്ചു. തുടര്‍ന്ന് മദ്യം പിടികൂടിയ സ്ഥലം തലശ്ശേരി റെയ്ഞ്ചിന് കീഴിലുള്ള സ്ഥലമായതിനാല്‍ പിടിച്ചെടുത്ത തൊണ്ടി മുതലും കാറും തലശ്ശേരി റെയ്ഞ്ചിലേക്ക് കൈമാറി. നാദാപുരം റെയിഞ്ചിന് കീഴില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ സുരേഷിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നാദാപുരം എക്സൈസ്സ് നേതൃത്വത്തില്‍ ട്രെെക്കിംഗ് ഫോഴ്സ് കര്‍ശന പരിശോധന നടത്തി വരികയാണ്.

വിഷു വിപണിയെ ലക്ഷ്യമിട്ട് ജില്ലാ അതിര്‍ത്തി വഴി മദ്യ കടത്ത് സജീവമാണ്. ഒരാഴ്ച്ചകിടയില്‍ വാഹനങ്ങളില്‍ കടത്തുകയായിരുന്ന 500 ഓളം കുപ്പി മദ്യമാണ് എക്സൈസും പോലീസും പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ കെ ഷിജില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എം കെ വിനോദന്‍, കെ ഷീരാജ്, ബി ബബിത, പ്രജീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
