കൂട്ടക്കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. നാലുപേരെയും താന്‍ ഒറ്റക്കാണ് കൊലപ്പെടുത്തിയതെന്ന് പിടിയിലായ കേദല്‍ പോലീസില്‍ മൊഴി നല്കി. താന്‍ നടത്തിയത് സാത്താന് സേവയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്.
ഏറെ സമയമെടുത്തുള്ള ആസൂത്രണത്തിനുശേഷമാണ് കൃത്യം നടത്തിയത്. കൊലക്കുപയോഗിച്ച പ്രത്യേകതരം മഴു ഓണ്‍ലൈന്‍വഴി വാങ്ങിയതാണ്. ഇത് എന്തിനാണെന്ന് വീട്ടുകാര്‍ ആരാഞ്ഞപ്പോള്‍ കോഴിയെ പിടിക്കാന്‍ വരുന്ന പട്ടിയെ ശരിപ്പെടുത്താനാണെന്നാണ് പറഞ്ഞിരുന്നത്. മനുഷ്യ ശരീരത്തില്‍ നിന്നും ആത്മാവിനെ വേര്‍പ്പെടുത്താനുള്ള പരീക്ഷണമായിരുന്നു നടത്തിയതെന്നും കേഡല്‍ ജിന്സണ് പോലീസിനോട് പറഞ്ഞു.

നാലുപേരെയും പല സമയങ്ങളിലാണ് കൊലപ്പെടുത്തിയത്. ആദ്യം കൊലപ്പെടുത്തിയത് അമ്മ ഡോ.ജീന്‍ പദ്മയെയാണ്. ബുധനാഴ്ച പുതുതായി നിര്‍മിച്ച ഗെയിം കാട്ടിത്തരാമെന്നുപറഞ്ഞ് വിളിച്ചശേഷം പിന്നില്‍ നിന്ന് മഴുകൊണ്ട് തലക്ക് വെട്ടുകയായിരുന്നു. ശേഷം മൃതദേഹം ഒളിപ്പിച്ചു.

ഉച്ചയോടെ അച്ഛന് രാജാ തങ്കത്തെയും ആക്രമിച്ചു. വൈകീേട്ടാടെയാണ് സഹോദരിയെ കൊലപ്പെടുത്തിയത്. ആരെയും ബോധം കെടുത്തിയല്ല കൃത്യത്തിനിരയാക്കിയതെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രിയാണ് അമ്മയുടെ ബന്ധുവായ ലളിതയെ മുകള്‍ നിലയിലെത്തിച്ച് കൊലപ്പെടുത്തിയത്.

ഞയാറാഴ്ചയായിരുന്നു നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപമുള്ള നാല് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയുടെ അച്ഛന് റിട്ടയേര്‍ഡ് പ്രൊഫ.രാജതങ്കം, അമ്മ റിട്ടയേര്‍ഡ് ഡോക്ടര്‍ ജീന്‍ പദ്മ, മകള്‍ കരോലിന്, ബന്ധു ലളിത എന്നിവരുടെ മൃതദേഹമായിരുന്നു കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൊലപാതക ശേഷം വെട്ടിനുറുക്കിയ മൃതദേഹം പ്രതി കത്തിക്കുകയായിരുന്നു. മകനാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് ആദ്യഘട്ടം മുതല്‍ക്ക് തന്നെ സംശയമുണ്ടായിരുന്നു.
ശനിയാഴ്ച രാത്രി തമ്പാനൂരില്‍നിന്ന് ബസ് മാര്‍ഗം നാഗര്‍കോവിലിലേക്ക് പോയി. അവിടെനിന്ന് ട്രെയിനിലാണ് ചെന്നൈക്ക് പോയത്.
