കൊയിലാണ്ടി മർക്കസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
.
കൊയിലാണ്ടി: കേരള സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി മർക്കസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ രാജീവൻ സി വി (അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സബ് ആർടിഒ കൊയിലാണ്ടി) നേതൃത്വം നൽകിയ ക്ലാസിൽ റോഡ് നിയമങ്ങളുടെ പ്രാധാന്യം, സുരക്ഷിത യാത്രയുടെ ആവശ്യകത, ഹെൽമറ്റും സീറ്റ് ബെൽറ്റും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത, വിദ്യാർത്ഥികൾ റോഡിൽ പാലിക്കേണ്ട ശീലങ്ങൾ എന്നിവ വിശദീകരിച്ചു.

അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യാഥാർത്ഥ്യ ഉദാഹരണങ്ങൾ സഹിതം ബോധവൽക്കരണം നടത്തി. വിദ്യാർത്ഥികൾക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അവബോധം ചെറുപ്പം മുതൽ തന്നെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
റോഡ് സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും നിയമങ്ങൾ പാലിക്കുന്ന ഒരു തലമുറയെ വളർത്തുകയാണ് ഇത്തരം ബോധവൽക്കരണ പരിപാടികളുടെ ലക്ഷ്യമെന്നും അഭിപ്രായപ്പെട്ടു.

കൂടാതെ ട്രാഫിക് ബോധവൽക്കരണത്തിന് വേണ്ടി സ്കൂൾ നടത്തിവരുന്ന ബോധവൽക്കരണത്തെക്കുറിച്ച് പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നതാണെന്ന് എംവിഡി പറഞ്ഞു. ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഇർഫാനി ഉദ്ഘാടനം ചെയ്തു. സി കെ അബ്ദുൾ നാസർ സ്വാഗതവും അൻശാദ് സഖാഫി നന്ദിയും പറഞ്ഞു.



