KOYILANDY DIARY.COM

The Perfect News Portal

രണ്ടു വയസ്സുകാരനെ ശ്വാസംമുട്ടിച്ച്‌ കൊന്നു; അമ്മയുടെ സുഹൃത്തിന്‌ ജീവപര്യന്തം

.

കൊച്ചി: രണ്ടു വയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ ശ്വാസംമുട്ടിച്ച്‌ കൊന്ന കേസിൽ അമ്മയുടെ സുഹൃത്ത്‌ കൊല്ലം സ്വദേശി സുഭാഷിനെ (43) ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് (പോക്സോ) കോടതിയുടേതാണ് വിധി. 2010 ഫെബ്രുവരി 25 നാണ് ആൺകുഞ്ഞിനെ കൊലപ്പെടുത്തിയത്. 2009- ൽ ഭർത്താവ്‌ ഗൾഫിൽ പോയസമയത്ത്‌ സുഹൃത്ത്‌ സുഭാഷിനൊപ്പം ജീവിക്കാനായി കുട്ടിയുടെ അമ്മ ബംഗാളിലേക്ക് പോയി. ഇവർ പിന്നീട് തിരിച്ചെത്തി തോപ്പുംപടിയിലെ ലോഡ്ജിൽ താമസിക്കവെയാണ് സംഭവം.

 

കുട്ടിയുടെ അമ്മ ഉറങ്ങിയസമയം രാവിലെ ഏഴിന്‌ മകൻ ആദിത്യനെ പൈപ്പിൻചുവട്ടിലും പിന്നീട് ബക്കറ്റിലും വെള്ളത്തിൽ മുക്കുകയായിരുന്നു. അപകടമാണെന്ന് വരുത്തി കുട്ടിയെ കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോ. ജിജോ പോൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് ഇയാൾ കുറ്റം സമ്മതിച്ചു. പിഴ അടച്ചാൽ തുകയ്‌ക്ക് അമ്മ അർഹയല്ലെന്നും കോടതി വിധിച്ചു. കുട്ടിയെ ഒഴിവാക്കി അമ്മയ്‌ക്കൊപ്പം ജീവിക്കാനായിരുന്നു കൊലപാതകം. അഡീഷനൽ സെഷൻസ് ജഡ്ജി സി കെ മധുസൂദനനാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി എ ബിന്ദു ഹാജരായി. പള്ളുരുത്തി ഇൻസ്പെക്ടർ കെ. സജീവാണ് കുറ്റപത്രം സമർപ്പിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ പ്രധാന സാക്ഷി കൂറുമാറിയെങ്കിലും സാഹചര്യത്തെളിവുകൾ പരിഗണിച്ചാണ്‌ കോടതി ശിക്ഷ വിധിച്ചത്‌.

Advertisements

 

Share news