KOYILANDY DIARY.COM

The Perfect News Portal

കോന്നിയില്‍ രണ്ടാനച്ഛന്‍ വീടിന് തീയിട്ടു; 15 കാരൻ ഓട് പൊളിച്ച് അനുജത്തിയെ രക്ഷിച്ചു

.

കോന്നി: രണ്ടാനച്ഛന്‍ വീടിന് തീയിട്ടതോടെ ഉറങ്ങിക്കിടക്കുന്ന മുറിക്കുള്ളില്‍ നിന്നും അനുജത്തിയെ സാഹസികമായി രക്ഷിച്ച് 15 കാരൻ. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ഭാര്യയെയും മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശിയായ തെങ്ങുംപള്ളിയില്‍ സിജുപ്രസാദ് തീയിടുകയായിരുന്നു.

 

ആളിപ്പടര്‍ന്ന തീയ്ക്കുള്ളില്‍ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ കഴുക്കോലില്‍ തൂങ്ങി ഓട് പൊളിച്ചാണ് സഹോദരന്‍ പുറത്തിറക്കിയത്. പൊള്ളലേറ്റെങ്കിലും കുട്ടി അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പൊള്ളലേറ്റ അമ്മയെ നാട്ടുകാരാണ് കതക് തകര്‍ത്ത് പുറത്തിറക്കിയത്. സിജുപ്രസാദ് ഭാര്യ രജനി, മകന്‍ പ്രവീണ്‍, ഇളയ മകള്‍ എന്നിവരെയാണ് മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം തീപ്പന്തമെറിഞ്ഞ് കത്തിച്ചത്.

Advertisements

 

കോന്നി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് പരിക്കില്ല. വെളളിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഉറങ്ങാന്‍ കിടന്ന സിജു രാത്രി പുറത്തിറങ്ങി മുറിയിലേക്ക് ടിന്നര്‍ ഒഴിച്ചശേഷം വെന്റിലേഷനിലൂടെ തീപന്തം എറിയുകയായിരുന്നു.

Share news