KOYILANDY DIARY.COM

The Perfect News Portal

‘നയിചേതന 4.0 ഉയരെ’ സംസ്ഥാനതല കലാജാഥ കൊയിലാണ്ടിയിൽ പര്യടനം നടത്തി

.

കൊയിലാണ്ടി: കുടുംബശ്രീ ജെൻഡർ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ‘നയിചേതന 4.0 ഉയരെ’ സംസ്ഥാനതല കലാജാഥ ജില്ലയിൽ പര്യടനം നടത്തി. ലിംഗസമത്വം ഉറപ്പാക്കുക, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കും കുടുംബശ്രീ നൽകുന്ന സുരക്ഷാ-പിന്തുണാ സംവിധാനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജാഥ സംഘടിപ്പിച്ചത്.

 

രാമനാട്ടുകരയിൽ നിന്നാരംഭിച്ച പര്യടനം കൊയിലാണ്ടി വഴി താമരശ്ശേരിയിലാണ് സമാപിച്ചത്. കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ വെച്ച് നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാജൻഡർ DPM നിഷിദ‌ സൈബൂനി കൊയിലാണ്ടി മുനിസിപ്പാലിറ്റി കുടുംബശ്രീ നോർത്ത് സിഡിഎസ് വൈസ് ചെയർ പേഴ്സൺ ആരിഫ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പയ്യോളി സിഡിഎസ് മെമ്പർ രമിന കാണികൾക്കും രംഗശ്രീ പ്രവർത്തകർക്കും നന്ദി പറഞ്ഞു. കുടുംബശ്രീയുടെ കമ്മ്യൂണിറ്റി തിയേറ്റർ ഗ്രൂപ്പായ ‘രംഗശ്രീ’യിലെ അംഗങ്ങളാണ് സ്ത്രീശാക്തീകരണവും ലിംഗാവബോധവും പ്രമേയമാക്കി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചത്.

Advertisements

 

പാട്ടുകളിലൂടെയും ലഘുനാടകങ്ങളിലൂടെയും അവതരിപ്പിച്ച ആശയങ്ങൾ ജനശ്രദ്ധയാകർഷിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകരും പൊതുജനങ്ങളും പരിപാടിയുടെ ഭാഗമായി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും ലിംഗവിവേചനത്തിനെതിരെയും സമൂഹത്തെ ഉണർത്തുന്ന പരിപാടികളാണ് ഇവിടെ അരങ്ങേറിയത്. വൈകുന്നേരം താമരശ്ശേരി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങോടെയാണ് കലാജാഥ സമാപിച്ചത്. സിഡിഎസ് അംഗങ്ങൾ, കമ്യുണിറ്റി കൗൺസിലർമാർ, സ്നേഹിതാ പ്രവർത്തകർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലെ ചടങ്ങുകളിൽ പങ്കെടുത്തു.

 

Share news