എലത്തൂരില്‍ യുവതിയുടെ കൊലപാതകത്തില്‍, പ്രതി വൈശാഖനുമായി പൊലീസ് തെളിവെടുപ്പ് നടത്തി
.
കോഴിക്കോട് എലത്തൂരില്‍ യുവതിയുടെ കൊലപാതകത്തില്‍, പ്രതി വൈശാഖനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപ്പെടുത്തിയത് താന്‍ തന്നെയെന്നും കുറ്റബോധം ഉണ്ടെന്നും തെളിവെടുപ്പിനിടെ പ്രതി മാധ്യമങ്ങളോട് പ്രതികരിച്ചു. കൊലപാതകത്തിന് ശേഷം ആശുപത്രിയില്‍ വെച്ച് ഭാര്യയോട് എല്ലാം പറഞ്ഞെന്ന വൈശാഖന്റെ വാദം പൊലീസ് തള്ളി. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച പ്രതി വൈശാഖനെ വീണ്ടും ചോദ്യo ചെയ്ത ശേഷമായിരുന്നു പൊലീസ് തെളിവെടുപ്പ് നടപടികളിലേക്ക് കടന്നത്. 26കാരിയെ കൊലപ്പെടുത്തിയ സ്ഥാപനത്തിലായിരുന്നു ആദ്യ തെളിവെടുപ്പ്.

യുവതിയ്ക്ക് ഉറക്ക ഗുളിക കലര്‍ത്തിയ ശീതള പാനീയം ഇവിടെ വെച്ചാണ് നല്‍കിയതെന്നും ഇതിനു ശേഷമാണ് ഒരുമിച്ച് കഴുത്തില്‍ കുരുക്കിട്ടതെന്നും വൈശാഖന്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം ലൈംഗികാതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വൈശാഖന്‍ മറുപടി നല്‍കിയില്ല. ഒരുമിച്ച് മരിക്കാന്‍ സാധിക്കാത്തതില്‍ കുറ്റബോധമുണ്ടെന്നും വൈശാഖന്‍ തെളിവെടുപ്പിനിടെ പ്രതികരിച്ചു.

ആശുപത്രിയില്‍ വെച്ച് ഭാര്യയോട് എല്ലാം തുറന്ന് പറഞ്ഞെന്ന വൈശാഖന്റെ വാദം പൊലീസ് തള്ളി. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി മറ്റൊരു എഫ്‌ഐആര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പതിനാറ് വയസുമുതല്‍ തന്നെ വൈശാഖന്‍ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് യുവതി ഡയറിയില്‍ കുറിച്ചിരുന്നു. ഈ കേസിലും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.




