KOYILANDY DIARY.COM

The Perfect News Portal

വിമാന ടിക്കറ്റ് നിരക്ക് വർധനവിനെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

.

വിമാന ടിക്കറ്റ് നിരക്കുകളിൽ ഉണ്ടാകുന്ന “അഭൂതപൂർവമായ” വർധനവിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി പാർലമെന്റിൽ ശക്തമായ ആശങ്ക രേഖപ്പെടുത്തി. പീക്ക് സീസണുകളിലും അടിയന്തര സാഹചര്യങ്ങളിലുമുണ്ടാകുന്ന അമിത നിരക്ക് വർധനവ് സാധാരണ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ഡോ. ജോൺ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി. യാതൊരു ന്യായീകരണവും ഇല്ലാതെയാണ് വിമാന കമ്പനികൾ നിരക്കുകൾ വർധിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

 

അന്യായമായ ഈ നടപടിക്കു കാരണം ഇന്ത്യൻ വ്യോമയാനരംഗത്ത് ഏതാനും ചില കമ്പനികൾക്കുള്ള ആധിപത്യം ആണെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരം കമ്പനികളുടെ ആധിപത്യം വളരാൻ കാരണമായത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വങ്ങളിൽ നിന്നുള്ള കൈകഴുകലാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.

Advertisements

 

വിമാന ടിക്കറ്റ് നിരക്ക് വർധനവുമായി ബന്ധപ്പെട്ട വിഷയങ്ങളും സീസൺ സമയത്ത് പ്രവാസികൾ നേരിടുന്ന ചൂഷണവും പാർലമെന്റിലും കേന്ദ്ര സർക്കാരിനോടും തുടർച്ചയായി ഉന്നയിച്ചുവരുന്നതായും, നിരക്കുകളിൽ നിയന്ത്രണം കൊണ്ടുവരാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. 1937-ലെ എയർക്രാഫ്റ്റ് നിയമം റൂൾ 135 (4) പ്രകാരം വിമാനനിരക്കിൽ പരിധി ഏർപ്പെടുത്തുവാൻ കേന്ദ്രം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് കാലത്തെ അപേക്ഷിച്ച് നിലവിൽ വിമാനനിരക്കിൽ 120% വർദ്ധനവ് ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

“മുതലാളിത്ത വ്യവസ്ഥതിയുടെ ഈറ്റില്ലമായ അമേരിക്കയിൽ പോലും ഒരു വിമാനകമ്പനിക്ക് 25% വിഹിതമില്ല. ചൈനയിൽ ആകട്ടെ ഏറ്റവും വലിയ മൂന്നു കമ്പനികൾ കൂടി ചേർന്നാലുള്ള വിഹിതം 60% ത്തിൽ താഴെയാണ്. എന്ന ഇന്ത്യയിൽ വെറും രണ്ടു വിമാനക്കമ്പനികൾ ചേർന്ന് മേഖലയുടെ 90% വിഹിതം കയ്യാളുന്നു. പ്രധാനമന്ത്രിക്കും വകുപ്പ് മന്ത്രിക്കും കത്തുകളയച്ചിട്ടും പരിഹാരമായില്ല,”അദ്ദേഹം പറഞ്ഞു.

 

രാജ്യത്തെ വ്യോമയാന മേഖലയിലെ സുരക്ഷിതത്വമില്ലായ്മയെ പറ്റിയും അദ്ദേഹം സംസാരിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് കാരണമായ ലിയാർ ജെറ്റ് മോഡൽ വിമാനത്തിന് രണ്ടര കൊല്ലം മുന്നേ സംഭവിച്ച അപകടത്തെ പറ്റിയുള്ള അന്വേഷണവും എങ്ങുമെത്തിയില്ല എന്നദ്ദേഹം കൂട്ടിച്ചേർത്തു. അഹമ്മദാബാദ് വിമാനദുരന്തത്തെയും പറ്റിയുള്ള അന്വേഷണം എവിടെയെത്തിയെന്ന് അദ്ദേഹം ചോദിച്ചു. കണ്ണൂർ വിമാനത്തവാളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചെങ്കിലും അന്നത്തെ വകുപ്പ് മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യയെ സ്ഥാനത്തു നിന്നും മാറ്റിയതോടെ അതും എങ്ങുമെത്താതെ പോയെന്നദ്ദേഹം പറഞ്ഞു.

 

Share news