സംസ്ഥാന ബജറ്റ്: സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അപകട ലൈഫ് ഇൻഷുറൻസ് പദ്ധതിക്കായി 15 കോടി
.
സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിനായി 15 കോടി രൂപ ബജറ്റിൽ വകയിരുത്തി. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റിലാണ് പ്രഖ്യാപനം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പോസ്റ്റും പങ്കുവെച്ചു. ഈ പദ്ധതി നടപ്പിലാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സുസജ്ജം ആണ് എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

ഇത് കൂടാതെ ക്ഷേമനിധിയിൽ അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് കുറഞ്ഞ പ്രീമിയത്തിൽ അപകട ഇൻഷുറൻസ് പദ്ധതിയും ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ് അപകടങ്ങളിൽ പെടുന്നവർക്കുള്ള ലൈഫ് സേവർ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. സമയബന്ധിതമായി ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ട്. അതുകൊണ്ടു തന്നെ ആദ്യ അഞ്ചു ദിവസം പണ രഹിത ചികിത്സ ഉറപ്പാക്കും.

വരാനിരിക്കുന്ന കേരള ബജറ്റ് വെറും വാഗ്ദാനങ്ങൾ മാത്രമുള്ള ഒരു ‘സ്വപ്ന ബജറ്റ്’ ആയിരിക്കില്ലെന്ന് അദ്ദേഹം രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പറയുന്ന കാര്യങ്ങൾ മാത്രം ഉൾക്കൊള്ളുന്ന പ്രായോഗികമായ ഒന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.




