പാലക്കാട് പോക്‌സോ കേസില്‍ പ്രതിയായ കായികാധ്യാപകനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍
.
പാലക്കാട്: പാലക്കാട് പോക്‌സോ കേസില്‍ പ്രതിയായ കായികാധ്യാപകനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍. അധ്യാപകന്‍ മോശമായി പെരുമാറിയെന്ന് ഒരു വിദ്യാര്‍ത്ഥി കൂടി മൊഴി നല്‍കി. കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥിയുടെ തുറന്നുപറച്ചില്‍. പ്രതിയായ അധ്യാപകന്റെ മൊബൈല്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും നീക്കമുണ്ട്. മൂന്നാമത്തെ എഫ്‌ഐആര്‍ ആണ് അധ്യാപകനെതിരെ കസബ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസമാണ് വടക്കാഞ്ചേരി സ്വദേശിയായ കായിക അധ്യാപകനെ കസബ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ കൗണ്‍സിലിംഗിനിടെ വിദ്യാര്‍ത്ഥിക്കള്‍ അധ്യാപകനെതിരെ മൊഴി നല്‍കുകയായിരുന്നു. സംഭവത്തില്‍ സിഡബ്ല്യൂസിയും അന്വേഷണം ആരംഭിച്ചു.

പാലക്കാട് നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ കായികാധ്യാപകനാണ് പിടിയിലായത്. ലെംഗികമായി ഉപദ്രവിച്ചെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ 11 വയസ്സുകാരി സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയെങ്കിലും, സിഡബ്ല്യൂസി, പൊലീസ് എന്നിവര്‍ക്ക് സ്‌കൂള്‍ അധികൃതര്‍ വിവരം നല്‍കിയില്ല. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന കൗണ്‍സിലിംഗിനിടെ വിദ്യാര്‍ത്ഥി ദുരനഭവം തുറന്ന് പറഞ്ഞതോടെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

പിന്നാലെ കസബ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ മൊഴി നല്‍കുകയായിരുന്നു. സിഡബ്ല്യൂസിയുടെ സമഗ്ര അന്വേഷണത്തിന് ശേഷം പ്രതിക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം. വിദ്യാര്‍ത്ഥികള്‍ക്കെതിരായ ലൈംഗികാതിക്രമം അറിഞ്ഞിട്ടും പൊലീസില്‍ വിവരം അറിയിക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പിഴവ് സംഭവിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിന് ശേഷം സ്‌കൂള്‍ അധികൃതര്‍ക്കെതിരായ നടപടിയും പൊലീസ് സ്വീകരിക്കും.



