മലപ്പുറത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
.
തിരുവനന്തപുരം പള്ളിക്കലിൽ കാറിൽ കടത്തുകയായിരുന്ന 58 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ ഷാഡോ പോലീസ് പിടികൂടി. മലപ്പുറം കരുവാരകുണ്ട് സ്വദേശി ഷാഫി (24), പാരിപ്പള്ളി എഴിപ്പുറം സ്വദേശി ഷേക്ക് അഹമ്മദ് (25) എന്നിവരാണ് അറസ്റ്റിലായത്.

പാരിപ്പള്ളി മെഡിക്കൽ കോളേജ് പരിസരം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തെത്തുടർന്ന് ഷാഡോ പോലീസ് നടത്തിയ പരിശോധനയിലാണ് കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രതികൾ വലയിലായത്.

അതിവിദഗ്ദ്ധമായി ഷർട്ടിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെടുത്തത്. പിടികൂടിയ പ്രതികളെയും ലഹരിമരുന്നും തുടർനടപടികൾക്കായി പള്ളിക്കൽ പോലീസിന് കൈമാറി. ഇവർക്ക് ലഹരിമരുന്ന് ലഭിച്ച ഉറവിടത്തെക്കുറിച്ചും സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.




