ഇരുമ്പഴിക്കുള്ളിൽ പൂത്ത പ്രണയം; അഞ്ച് പേരെ കൊന്നവനും ഡേറ്റിംഗ് ആപ്പ് കൊലയാളിയും വിവാഹിതരാകുന്നു, കല്ല്യാണം കഴിക്കാൻ പരോളിലിറങ്ങി പ്രതികൾ
.
രാജസ്ഥാനിലെ അൽവാറിൽ ഇന്ന് നടക്കുന്നത് സിനിമയെ വെല്ലുന്ന ഒരു പ്രണയകഥയുടെ വേറിട്ട അധ്യായമാണ്. ക്രൂരമായ കൊലപാതക കേസുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രണ്ട് പേർ, ജയിലിലെ തടവറയ്ക്കുള്ളിൽ കണ്ടെത്തിയ പ്രണയത്തിനൊടുവിൽ ഇന്ന് വിവാഹിതരാകുന്നു. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മോഡൽ പ്രിയ സേത്തും, അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഹനുമാൻ പ്രസാദും ആണ് വിവാഹിതരാകുന്നത്.

രാജസ്ഥാൻ ഹൈക്കോടതി അനുവദിച്ച 15 ദിവസത്തെ എമർജൻസി പരോളിലാണ് ഇരുവരും വിവാഹത്തിനായി പുറത്തിറങ്ങിയത്. സംഗാനീർ ഓപ്പൺ ജയിലിൽ വെച്ച് ഏകദേശം ആറ് മാസം മുൻപാണ് ഇരുവരും കണ്ടുമുട്ടിയത്. ആ കൂടിക്കാഴ്ച പിന്നീട് തീവ്രമായ പ്രണയമായി വളരുകയും വിവാഹം കഴിക്കാൻ ഇവർ തീരുമാനിക്കുകയുമായിരുന്നു. ഈ വിവാഹത്തിനായി രാജസ്ഥാൻ ഹൈക്കോടതി ഇവർക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചു. അൽവാറിലെ ബറോഡമേവിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്.

2018-ലാണ് പ്രിയ സേത്ത് കുപ്രസിദ്ധമായ ആ കൊലപാതകം നടത്തിയത്. ടിൻഡർ എന്ന ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ദുഷ്യന്ത് ശർമ്മ എന്ന യുവാവിനെ തന്റെ കാമുകന്റെ കടം വീട്ടാനായി തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിൽ 3 ലക്ഷം രൂപ പിതാവിൽ നിന്നും ലഭിച്ചെങ്കിലും, യുവാവിനെ വിട്ടയച്ചാൽ തങ്ങൾ പിടിയിലാകുമെന്ന് ഭയന്ന് ദുഷ്യന്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. തിരിച്ചറിയാതിരിക്കാൻ മുഖത്ത് പലതവണ കുത്തുകയും മൃതദേഹം ഒരു സൂട്ട്കേസിലാക്കി ആമർ കുന്നുകളിൽ ഉപേക്ഷിക്കുകയും ചെയ്തു.

ഹനുമാൻ പ്രസാദിന്റെ കഥയാകട്ടെ അതിലും ഭീകരമാണ്. തന്റെ കാമുകിയ്ക്ക് വേണ്ടി അവളുടെ ഭർത്താവിനെയും നാല് കുഞ്ഞുങ്ങളെയുമാണ് ഇയാൾ കൊലപ്പെടുത്തിയത്. 2017-ലെ ഒരു രാത്രിയിൽ കാമുകിയുടെ ആവശ്യപ്രകാരം അവളുടെ ഭർത്താവ് ബൻവാരി ലാലിനെ കശാപ്പിന് ഉപയോഗിക്കുന്ന കത്തി കൊണ്ട് ഹനുമാൻ കൊന്നു. ഈ കൊലപാതകം നേരിൽ കണ്ട കാമുകിയുടെ മൂന്ന് മക്കളെയും ഒരു ബന്ധുവിനെയും കൂടെ കൊലപ്പെടുത്താൻ അവൾ തന്നെ ആവശ്യപ്പെട്ടതനുസരിച്ച് ഹനുമാൻ ആ പിഞ്ചുകുഞ്ഞുങ്ങളെയും വകവരുത്തുകയായിരുന്നു.



