‘ആകാശ മിഠായി’ ശനിയാഴ്ച നാടിന് സമര്‍പ്പിക്കും
.
ഫറോക്ക്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമയ്ക്കായി ബേപ്പൂരിൽ നിർമിച്ച സ്മാരകം ‘ആകാശ മിഠായി’ ശനിയാഴ്ച നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബഷീറിനെ സ്നേഹിക്കുന്നവരും വായിക്കുന്നവരുമായ ലോകത്തെമ്പാടുമുള്ള മലയാളികളുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സഫലമാകുന്നത്. കോഴിക്കോട് കോർപറേഷൻ വിട്ടുനൽകിയ സ്ഥലത്താണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴിൽ 10.07 കോടി രൂപയുടെ ഒന്നാം ഘട്ടം പദ്ധതി പൂർത്തിയാക്കിയത്.

ഇരുനില കെട്ടിടത്തില്‍ കോണ്‍ഫറന്‍സ് ഹാള്‍, ഗ്രീന്‍ റൂം ഉൾപ്പെടുന്ന ഓപ്പണ്‍ സ്റ്റേജ്, ചുറ്റുമതില്‍, കരകൗശല അലങ്കാര വസ്തുക്കളുടെ വിൽപ്പന കേന്ദ്രം, കഫെറ്റീരിയ, ശുചിമുറി, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ആർക്കിടെക്ട് വിനോദ് സിറിയക്കിന്റെ നേതൃത്വത്തിൽ രൂപകൽപ്പന ചെയ്ത മന്ദിരത്തിൻ്റെ നിർമാണം നിർവഹിച്ചത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ്. ബേപ്പൂര്‍ ബിസി റോഡരികിലുള്ള സ്മാരകം ശനി വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും.

രണ്ടാംഘട്ട നിർമാണങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. കോർപറേഷന്‍ മേയര്‍ ഒ സദാശിവന്‍ അധ്യക്ഷനാകും. എം കെ രാഘവന്‍ എംപി, സിനിമാ നടനും സംവിധായകനുമായ പ്രകാശ് രാജ് എന്നിവര്‍ മുഖ്യാതിഥികളാകും. എഴുത്തുകാരായ കെ ഇ എന്‍, പി കെ പാറക്കടവ്, വി കെ സി മമ്മത് കോയ, ബഷീര്‍ കുടുംബാംഗങ്ങള്‍ തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പേർ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ടൂറിസം മേഖലാ ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.




