നഗരമതിലുകള്‍ വര്‍ണ ചിത്രങ്ങള്‍കൊണ്ടലങ്കരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങി

കോഴിക്കോട്: നഗരമതിലുകള്‍ പോസ്റ്റര്‍മുക്തമാക്കി വര്‍ണ ചിത്രങ്ങള്‍കൊണ്ടലങ്കരിക്കാന്‍ വീണ്ടും വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങി. ജില്ലാ കളക്ടറുടെ പ്രത്യേക പദ്ധതിയായ കംപാഷണേറ്റ് കോഴിക്കോടിന്റെ ഭാഗമായി ഇന്നലെ മെഡിക്കല്‍ കോളേജിന്റെ ചുറ്റുമതില്‍ കുട്ടികള്‍ ക്യാന്‍വാസാക്കി. പോസ്റ്ററുകള്‍ നിറഞ്ഞിരുന്ന മതിലുകള്‍ വൃത്തിയാക്കി പെയിന്റു ചെയ്ത ശേഷം അവ ചിത്രമതിലുകളാക്കി മാറ്റുകയായിരുന്നു.
എന്‍.ഐ.ടിയിലെ അമ്പതോളം വിദ്യാര്‍ത്ഥികളാണ് ഇന്നലെ രാവിലെ മുതല്‍ മണിച്ചിത്രത്തൂണ്‍ പദ്ധതിക്കു വേണ്ടി രംഗത്തെത്തിയത്. ജില്ലാ കളക്ടര്‍ വി.യു.ജോസും പത്നിയും മകളും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചിത്രരചനയില്‍ പങ്കുചേര്‍ന്നു.

നേരത്തെ അരയിടത്ത് പാലത്തിന്റെ തൂണുകള്‍, പാളയം ബസ്റ്റാന്റ്, ബീച്ചിലെ സ്റ്റേജ്, ഹെഡ് പോസ്റ്റ് ഓഫീസിനു മുന്‍വശത്തെ മതില്‍ എന്നിവിടങ്ങളില്‍ കംപാഷണേറ്റ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ നീക്കി പെയിന്റു ചെയ്തിരുന്നു. ആഴ്ചയില്‍ ഒരു തവണ വീതമാണ് വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നഗരത്തെ മനോഹരമാക്കാനുള്ള യത്നത്തിലേര്‍പ്പെടുന്നത്.

