പതിനഞ്ച് ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

വടകര: രാത്രികാല റോഡ് പരിശോധനയ്ക്കിടെ എക്സൈസ് സംഘം പതിനഞ്ച് ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. വടകര പുറമേരിയില്‍ വച്ചാണ് വാഗണ്‍ആര്‍ കാറില്‍ കടത്തുകയായിരുന്ന പണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഓടിച്ചിരുന്ന പുറമേരി സ്വദേശി റിഷാദിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. 2000 രൂപയുടെ നോട്ട് കെട്ടുകളാക്കി ഡ്രൈവിംഗ് സീറ്റിനടിയില്‍ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു.
ചൊക്ളിയില്‍നിന്ന് നാദാപുരത്തേക്കാണ് മതിയായ രേഖകളില്ലാത്ത പണം കൊണ്ടുപോകുന്നതെന്ന് പിടിയിലായ റിഷാദ് പൊലീസിനോട് പറഞ്ഞു. പണവും പ്രതിയെയും വാഹനവും എക്സൈസ് സംഘം വടകര പൊലീസിന് കൈമാറി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.എസ്. സുജിത്, സോമസുന്ദരം, പ്രമോദ് പുളിക്കല്‍, ഗണേഷ്, രാജേഷ് കുമാര്‍, ഷംസുദ്ദീന് എന്നിവരടങ്ങിയ സംഘമാണ് കുഴല്‍പ്പണം പിടികൂടിയത്.
