അഖിലേന്ത്യാ വോളി മേളക്ക് ഉജ്വല തുടക്കം

വടകര > ഡിവൈഎഫ്ഐ വടകര ബ്ളോക്ക് കമ്മിറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളി മേളക്ക് ഉജ്വല തുടക്കം. നാരായണനഗരം ഗ്രൌണ്ടില് പ്രത്യേകം സജ്ജമാക്കിയ എല്‍ജി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി സിനിമാതാരം സുധീഷ് ഉദ്ഘാടനംചെയ്തു.
രണ്ട് പൂളുകളായി ആറ് ടീമുകള്‍ പുരുഷ വിഭാഗത്തിലും നാല് ടീമുകള്‍ വനിതാവിഭാഗത്തിലും മത്സരിക്കും. ഞായറാഴ്ച നടന്ന ഉദ്ഘാടന മത്സരത്തില്‍ പശ്ചിമ റെയില്‍വേ മുംബൈയും, കേരള പൊലീസും വനിതാ വിഭാഗത്തിലും പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ ആര്‍മിയും ഹൈദരബാദ് സ്പൈക്കേഴ്സും ഏറ്റുമുട്ടി. ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് പശ്ചിമ റെയില്‍വേ കേരള പൊലീസിനെ പരാജയപ്പെടുത്തി (25-21,25-18,25-18).

സംഘാടക സമിതി ചെയര്മാന് പാലേരി രമേശന് അധ്യക്ഷനായി. സി. കെ നാണു എം.എല്‍.എ, മുനിസിപ്പല്‍ ചെയര്മാന് കെ. ശ്രീധരന്, ജില്ലാ വോളിബോള്‍ അസോസിയേഷന് സെക്രട്ടറി പി. രാജീവന്, പവിത്രന്, തോടന്നൂര്‍ ബ്ളോക്ക് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി, എസ്. കെ. സജീഷ്, ടി. പി. ബിനീഷ്, വടകര എസ്ഐ കെ. ഇ. ജയന്, പ്രേംകുമാര്‍ വടകര എന്നിവര്‍ സംസാരിച്ചു. സി ഭാസ്കരന് സ്വാഗതം പറഞ്ഞു. ഇന്ന് നടക്കുന്ന മത്സരത്തില്‍ നടന് നിവിന്‍ പോളി മുഖ്യാതിഥിയാവും.

