KOYILANDY DIARY.COM

The Perfect News Portal

ശബരിമല സ്വർണക്കൊടിമര നിർമ്മാണത്തിന്റെ മറവിലും വൻ തട്ടിപ്പ്: സിനിമ താരങ്ങളില്‍ നിന്നടക്കം കോടികള്‍ പിരിച്ചു

.

പത്തനംതിട്ട: ശബരിമല സ്വർണക്കൊടിമര നിർമ്മാണത്തിന്റെ മറവിലും വൻ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തൽ. കൊടിമര നിർമ്മാണത്തിന് ദേവസ്വം ഭരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന വ്യാപക പണപ്പിരിവിലാണ് തട്ടിപ്പ്. കൊടിമരം ഫോണെക്സ് ഫൗണ്ടേഷൻ സ്പോൺസർ ചെയ്തിട്ടും പ്രമുഖ സിനിമാതാരങ്ങളിൽ നിന്നടക്കം കോടിക്കണക്കിന് രൂപ പിരിച്ചു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സ്പോൺസർ ചെയ്തത് മറച്ചുവെച്ചിട്ടാണ് കോണ്‍ഗ്രസ് നേതാക്കളായ പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലും ഭരണസമിതി തലപ്പത്തുണ്ടായ കാലത്ത് പണപ്പിരിവ് നടത്തിയിരിക്കുന്നത്.

 

ഫോണെക്സ് ഫൗണ്ടേഷൻ തുക നിക്ഷേപിച്ചതിന് തെളിവ് റിപ്പോർട്ടറിന് ലഭിച്ചു. സ്വർണക്കൊടിമരം നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ നടന്നത് 2016-17 കാലഘട്ടത്തിലായിരുന്നു. അന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷനായ പ്രയാർ ഗോപാലകൃഷ്ണന്‍റേയും അംഗമായ അജയ് തറയലിന്റെയും നേതൃത്വത്തിൽ വ്യാപകമായ പണപ്പിരിവ് അനധികൃതമായി നടത്തിയെന്നാണ് കണ്ടെത്തല്‍.

Advertisements

കൊടിമര നിർമ്മാണത്തിനായി ഫോണക്സ് ഫൗണ്ടേഷൻ സ്പോൺസർ തുകയായ 3.22 കോടി രൂപ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലുള്ള ധനലക്ഷ്മി ബാങ്കിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. 2016 ഡിസംബർ 23 മുതൽ നാല് തവണയായിട്ടാണ് ആ പണം ശബരിമല ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ ധനലക്ഷ്മി ബാങ്കിലുള്ള അക്കൗണ്ടിലേക്ക് എത്തിയത്. ഈ പണം ലഭിച്ചിട്ടും കൊടിമരത്തിന് പണമില്ല, സ്പോൺസർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലും കൂടി പലരെയും സമീപിച്ചു.

 

തുടർന്ന് നടത്തിയ പിരിവിലൂടെ പ്രമുഖ സിനിമാതാരങ്ങളില്‍ നിന്നടക്കം കോടിക്കണക്കിന് രൂപ പിരിച്ചെടുത്തു എന്നാണ് കണ്ടെത്തല്‍. ഏതാണ്ട് രണ്ടര കോടി രൂപയിലേറെ ഈ തരത്തിൽ പിടിച്ചെടുത്തു. ഇതേ ദേവസ്വം ബോർഡ് ഭരണസമിതി തന്നെയാണ് അമൂല്യ വസ്തുവായ വാജിവാഹനം അത് ദേവസ്വം മാനുവൽ ലംഘിച്ചുകൊണ്ട് ശബരിമല തന്ത്രിക്ക് കൈമാറിയത്.

 

അതേസമയം, ശബരിമല ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ജയിലില്‍ എത്തിയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

 

ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കടത്തിയ കേസില്‍ രാജീവരെ പ്രതി ചേര്‍ക്കാന്‍ വിജിലന്‍സ് കോടതി എസ്‌ഐടിക്ക് അനുമതി നല്‍കി. തന്ത്രിയെ ജയിലില്‍ എത്തി അറസ്റ്റ് ചെയ്യാനായിരുന്നു അനുമതി. സ്വര്‍ണപ്പാള്ളി ചെമ്പായി മാറിയെന്ന മഹസറിൽ തന്ത്രി ഒപ്പിട്ടിരുന്നു. ഇതുവഴി തന്ത്രിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.

അതേസമയം, കട്ടിളപ്പാളിക്കേസില്‍ തന്ത്രിയുടെ ജാമ്യാപേക്ഷ ജനുവരി 19ന് കോടതി പരിഗണിക്കും. തിരുവിതാംകൂര്‍ മാനുവലിലെ തന്ത്രിയുടെ കടമകള്‍ കട്ടിളപ്പാളി കേസിലെ എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രത്യേകം പറഞ്ഞിരുന്നു. അസി. കമ്മീഷണറുടെ അതേ ഉത്തരവാദിത്തങ്ങള്‍ വഹിക്കേണ്ട തന്ത്രി ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാനും ബാധ്യസ്ഥനാണെന്നായിരുന്നു എസ്‌ഐടി നിലപാട്. ഈ ഉത്തരവാദിത്തം മറന്നാണ് തന്ത്രി കട്ടിളപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മൗനാനുവാദം നല്‍കിയതെന്നായിരുന്നു എസ്‌ഐടി കണ്ടെത്തല്‍.

Share news