‘വാജി വാഹനം കൈമാറിയത് രേഖകളില്ലാതെ’; വെളിപ്പെടുത്തി മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ രാഘവന്‍
.
ആലപ്പുഴ: വാജി വാഹനം തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് കൈമാറിയത് രേഖകളില്ലാതെയെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ രാഘവന്‍. വാജി വാഹനം നല്‍കിയതില്‍ വ്യവസ്ഥയോ ലിഖിതമായ രേഖകളോ ഇല്ല. വാജി വാഹനം തന്ത്രിക്കുള്ളതാണെങ്കില്‍ രേഖകള്‍ ഇല്ലാതെ കൈമാറാന്‍ പാടില്ലായിരുന്നു. വാജി വാഹനം അങ്ങനെ കൈമാറാന്‍ പാടില്ലാത്തതാണ്. ദേവസ്വം ബോര്‍ഡാണ് വാജി വാഹനം സൂക്ഷിക്കേണ്ടതെന്നും കെ. രാഘവന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടറിനോടായിരുന്നു കെ രാഘവന്റെ പ്രതികരണം.

കൈമാറുമ്പോള്‍ താന്‍ ഉണ്ടായിരുന്നോ എന്ന കാര്യം ഓര്‍മയില്ലെന്നും രാഘവന്‍ പറഞ്ഞു. കൊടിമരം മാറ്റാന്‍ തീരുമാനമെടുത്ത ദേവസ്വം ബോര്‍ഡ് യോഗത്തില്‍ താനുണ്ടായിരുന്നില്ല. അന്ന് പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലുമാണ് ഭരണ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. താന്‍ വന്ന ശേഷം ഇത്തരം കാര്യങ്ങളൊന്നും ബോര്‍ഡ് യോഗങ്ങളില്‍ വന്നിട്ടില്ലെന്നും രാഘവന്‍ പറഞ്ഞു.

2017 ഫെബ്രുവരിയിലായിരുന്നു വാജി വാഹനം കണ്ഠരര് രാജീവരര്‍ക്ക് കൈമാറിയത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡ് അംഗം അജയ് തറയിലും ചേര്‍ന്നായിരുന്നു വാജി വാഹനം കൈമാറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഇതില്‍ പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും ചേര്‍ന്ന് വാജി വാഹനം തന്ത്രിക്ക് കൈമാറുന്നത് വ്യക്തമാണ്. വാജി വാഹനം ലോഹമാണെങ്കില്‍ ആചാര്യന് കൈമാറണമെന്നാണ് താന്ത്രിക വിധിയില്‍ പറയുന്നതെന്നും അത് മനസിലാക്കിയാണ് തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് വാജി വാഹനം കൈാമറിയതെന്നുമായിരുന്നു അജയ് തറയില്‍ നല്‍കിയ വിശദീകരണം. വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും അജയ് തറയില്‍ പറഞ്ഞിരുന്നു.

2017 പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. അജയ് തറയില്‍ ദേവസ്വം ബോര്‍ഡ് അംഗവുമായിരുന്നു. ഇവരുടെ കാലാവധി 2017 നവംബറിലായിരുന്നു അവസാനിച്ചത്. കൊടിമരത്തിന്റെ അടിഭാഗം ദ്രവിച്ചെന്ന് പറഞ്ഞായിരുന്നു 2017 ഫെബ്രുവരിയില്‍ കൊടിമരം മാറ്റി സ്ഥാപിച്ചത്. ഇതിനിടെയായിരുന്നു വാജി വാഹനം തന്ത്രിക്ക് കൈമാറിയത്.



