ചക്കക്കുരുവിട്ട് മുരിങ്ങയിലക്കറി. പരീക്ഷാ പേപ്പറിൽ രുചിമേളം തീർത്ത് തിരുവങ്ങൂർ എച്ച്.എസ്.എസിലെ രണ്ടാം ക്ലാസ്സുകാരി
.
പരീക്ഷാ പേപ്പറിൽ സാധാരണയായി കുട്ടികൾ കാണാപ്പാഠം പഠിച്ച ഉത്തരങ്ങളാണ് എഴുതാറുള്ളത്. എന്നാൽ കോഴിക്കോട് കൊയിലാണ്ടിയിലെ ഒരു ഏഴു വയസ്സുകാരി തന്റെ ഉത്തരക്കടലാസിൽ എഴുതിയത് വായിച്ചവരുടെയെല്ലാം വായിൽ വെള്ളമൂറിക്കുന്ന ഒരു ‘നാടൻ റെസിപ്പി’യാണ്. തിരുവങ്ങൂർ എച്ച്.എസ്.എസ്സിലെ രണ്ടാം ക്ലാസ്സുകാരി ഇസ്സ സഹ്‌റിൻ ആണ് ഈ കൊച്ചു മിടുക്കി.

രണ്ടാം ക്ലാസ്സിലെ ക്രിസ്മസ് പരീക്ഷയിലെ മലയാളം പേപ്പറിലായിരുന്നു ആ ചോദ്യം: “നിങ്ങൾക്കിഷ്ടപ്പെട്ട ഒരു പാചകക്കുറിപ്പ് എഴുതുക”. സാൻഡ്‌വിച്ചോ ഡോണറ്റോ എഴുതാമായിരുന്നിട്ടും ഇസ്സ തിരഞ്ഞെടുത്തത് നല്ല അസ്സൽ മുരിങ്ങയിലക്കറിയാണ്. വെറുതെ പേരെഴുതുക മാത്രമല്ല, മുരിങ്ങയില കഴുകുന്നത് മുതൽ ചക്കക്കുരുവിട്ട് വേവിച്ച് തേങ്ങയരച്ച് വറവിട്ട് വാങ്ങുന്നതുവരെയുള്ള സകല കാര്യങ്ങളും ഈ ഏഴുവയസ്സുകാരി പേപ്പറിൽ പകർത്തി.

മകളുടെ പാചകക്കുറിപ്പ് നാട്ടിലാകെ ചർച്ചയായപ്പോഴാണ് ഉമ്മ ജെസ്‌ല കാര്യമറിയുന്നത്. “നിനക്ക് ശരിക്കും പാചകം അറിയുമോ?” എന്ന ചോദ്യത്തിന് ഇസ്സ നൽകിയ മറുപടി കേട്ട് ഉമ്മ ഞെട്ടിപ്പോയി. ചായയും നാരങ്ങാവെള്ളവും ഓംലറ്റും വരെ തനിക്ക് തനിയെ ഉണ്ടാക്കാൻ അറിയാമെന്നാണ് ഈ കുട്ടി പാചകക്കാരിയുടെ വെളിപ്പെടുത്തൽ. അടുക്കളയിൽ ഉമ്മ കറിയുണ്ടാക്കുന്നത് നോക്കിനിന്നും ആറാം ക്ലാസ്സുകാരിയായ ചേച്ചി നസ്നയുടെ നിർദ്ദേശങ്ങൾ കേട്ടുമാണ് ഇസ്സ പാചകം പഠിച്ചത്.




