ചൊവ്വയിൽ എത്തിയാൽ എന്ത് കഴിക്കും? ഉത്തരം നൽകിയാൽ നാസ നൽകുന്നത് 6.75 കോടി രൂപ
.
ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങുകയാണ് നാസ. ചന്ദ്രനിലും ചൊവ്വയിലും മനുഷ്യവാസം സാധ്യമാക്കാനുള്ള പരീക്ഷണങ്ങൾക്കിടെ ശാസ്ത്രലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഭക്ഷണം. ചൊവ്വയിലെത്തുന്ന മനുഷ്യർ ഭൂമിയെ ആശ്രയിക്കാതെ അവിടെ എങ്ങനെ ഭക്ഷണം കണ്ടെത്തും എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നവർക്കായി 6.75 കോടി രൂപ (750,000 ഡോളർ) സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുകയാണ് നാസ.

ചൊവ്വയിലേക്കും ചന്ദ്രനിലേക്കും നടത്തുന്ന ദീർഘകാല ദൗത്യങ്ങളിൽ ബഹിരാകാശ സഞ്ചാരികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുകയാണ് ഈ മത്സരത്തിന്റെ ലക്ഷ്യം. ‘ഡീപ് സ്‌പേസ് ഫുഡ് ചലഞ്ച്: മാർസ് ടു ടേബിൾ’ എന്ന പേരിലാണ് ഈ ആഗോള മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. കേവലം കൃഷി മാത്രമല്ല, മറിച്ച് ഭക്ഷണം പാകം ചെയ്യുക, മാലിന്യം പുനരുപയോഗിക്കുക തുടങ്ങിയ സമഗ്രമായ ഒരു ‘ഫുഡ് സിസ്റ്റം’ ആണ് നാസ തേടുന്നത്.

പ്രധാന നിബന്ധനകൾ
- ഭൂമിയിൽ നിന്ന് സഹായമില്ലാതെ ഭക്ഷണം ഉത്പാദിപ്പിക്കാൻ കഴിയണം.
- റീസൈക്കിൾ ചെയ്ത വെള്ളവും വായുവും ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കാൻ സാധിക്കണം.
- ബഹിരാകാശ സഞ്ചാരികളെ ശാരീരികമായും മാനസികമായും തൃപ്തിപ്പെടുത്തുന്ന രുചികരവും പോഷകഗുണമുള്ളതുമായ ഭക്ഷണമായിരിക്കണം.
- നാസയുടെ ലൈഫ് സപ്പോർട്ട് സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്നതായിരിക്കണം ഈ സംവിധാനം.
എങ്ങനെ പങ്കെടുക്കാം?
ഈ ആഗോള മത്സരത്തിൽ താല്പര്യമുള്ളവർക്ക് 2026 ജൂലൈ 31 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. 2026 സെപ്റ്റംബറിൽ വിജയികളെ പ്രഖ്യാപിക്കുന്നതോടെ മത്സരം ഔദ്യോഗികമായി അവസാനിക്കും. ഇലോൺ മസ്കിനെപ്പോലുള്ള ശതകോടീശ്വരന്മാർ ചൊവ്വയിൽ നഗരങ്ങൾ സ്വപ്നം കാണുമ്പോൾ, അവിടുത്തെ അടുക്കളകൾ ആരുടേതാകുമെന്ന് ഈ മത്സരം തീരുമാനിക്കും.




