ശബരിമല തീർത്ഥാടനം ചരിത്രവിജയം: റെക്കോർഡ് വരുമാനവുമായി മണ്ഡല-മകരവിളക്ക് മഹോത്സവം
.
ഇത്തവണത്തെ മണ്ഡല-മകരവിളക്ക് മഹോത്സവം ഭക്തജന പങ്കാളിത്തം കൊണ്ടും വരുമാനം കൊണ്ടും സമാനതകളില്ലാത്ത വിജയമായി മാറിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റിന്റെ ഫേസ്ബുക് പോസ്റ്റ്. 52 ലക്ഷത്തിലധികം ഭക്തജനങ്ങൾ ദർശനപുണ്യം നേടിയ ഈ സീസണിൽ ആകെ 430 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. ഇതിൽ അരവണ പ്രസാദത്തിലൂടെ മാത്രം 200 കോടിയിലേറെ രൂപയും കാണിക്കയായി 118 കോടി രൂപയും ലഭിച്ചു.

സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും കൃത്യമായ ആസൂത്രണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മുന്നൊരുക്കങ്ങൾ പാളിയെന്ന് ആക്ഷേപിച്ചവർക്ക് ഇത് കടുത്ത നിരാശയാണ് നൽകുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈ മാസത്തിൽ ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രവർത്തനങ്ങളാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിരീക്ഷണവും നേതൃത്വവും പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജം പകർന്നു.

പമ്പയിൽ പുതുതായി ഒരുക്കിയ 10 ജർമ്മൻ പന്തലുകൾ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളും, മണ്ഡലകാലം തുടങ്ങും മുൻപേ 46 ലക്ഷം ടിൻ അരവണ കരുതലായി സൂക്ഷിക്കാനുള്ള തീരുമാനവും ഭക്തർക്ക് വലിയ ആശ്വാസമായി. ആഗോള അയ്യപ്പ സംഗമവും ബഹുമാന്യയായ ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദർശനവും ഈ വർഷത്തെ തീർത്ഥാടനത്തിന് സവിശേഷമായ പ്രാധാന്യം നൽകിയെന്നും ഫേസ്ബുക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ക്രമസമാധാന പാലനത്തിലും തിരക്ക് നിയന്ത്രിക്കുന്നതിലും കേരള പോലീസ് കാഴ്ചവെച്ച സേവനത്തിന് അദ്ദേഹം പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു. പരിക്കിനെപ്പോലും അവഗണിച്ച് സേവനരംഗത്ത് സജീവമായിരുന്ന എ.ഡി.ജി.പി ശ്രീജിത്തിനെയും എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ആർ.എ.എഫ് ഭടന്മാരെയും അദ്ദേഹം പ്രത്യേകം സ്മരിച്ചു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബിജു ഉൾപ്പെടെയുള്ള ദേവസ്വം ഉദ്യോഗസ്ഥർ, മരാമത്ത് വിഭാഗം, വിശുദ്ധി സേനാംഗങ്ങൾ, മാധ്യമ പ്രവർത്തകർ, ദിവസവേതനക്കാർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് സംതൃപ്തമായ ഒരു തീർത്ഥാടന കാലം പൂർത്തിയാക്കാൻ സഹായിച്ചതെന്നും P S പ്രശാന്ത് കുറിച്ചു.



