രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഇന്ന് കോടതിയിൽ ഹാജരാക്കും
.
ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്ക് ശേഷം ആയിരിക്കും രാഹുലിനെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുക. രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എസ്ഐടി കോടതിയെ അറിയിച്ചേക്കും. അറസ്റ്റിന് ശേഷം നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലും രാഹുൽ മറുപടി നൽകിയിരുന്നില്ല. കസ്റ്റഡിയിൽ വിട്ടുകിട്ടിയ ശേഷം നടത്തിയ ചോദ്യം ചെയ്യലിലും രാഹുൽ ഒന്നും മിണ്ടിയില്ല. വെറും ചിരി മാത്രമായിരുന്നു മറുപടി.

രാഹുലിന്റെ മൂന്ന് മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ടെങ്കിലും അവയുടെ പാസ്‌വേഡ് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ ശാസ്ത്രീയ മാർഗങ്ങളിലൂടെ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. 2024 ഏപ്രിൽ 8-ന് ഉച്ചയ്ക്ക് ഒരു മണിയോടെ പരാതിക്കാരിയുമായി ഹോട്ടലിൽ എത്തിയതായും മുറിയെടുത്തതായും രാഹുൽ സമ്മതിച്ചിട്ടുണ്ട്. ജനുവരി 16-നാണ് ഇയാളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.




