ദേശീയപാതയിൽ സിൽക്ക് ബസാറിലെ ഡ്രൈനേജിൽ വീണ്ടും മാലിന്യം ഒഴുക്കിയ നിലയില്‍
കൊയിലാണ്ടി: ദേശീയപാതയിൽ സിൽക്ക് ബസാറിലെ ഡ്രൈനേജിൽ വീണ്ടും മാലിന്യം ഒഴുക്കിയ നിലയില്‍. നഗരസഭ ക്ലോറിനേഷന്‍ നടത്തി. നിസാൻ ടാങ്കർ വണ്ടിയിൽ നിന്നാണ് ദ്രാവക രൂപത്തിലുള്ള മാലിന്യം ഡ്രൈനേജിലേക്ക് ഒഴുക്കിയത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.

പതിനേഴാം മൈൽസിന്റെയും സിൽക്ക് ബസാറിന്റെയും ഇടയിലുള്ള ഡ്രൈനേജിലാണ് മാലിന്യം ഒഴുക്കിയത്. കൊയിലാണ്ടി ഭാഗത്ത് നിന്ന് മാലിന്യവുമായെത്തിയ നിസാൻ ടാങ്കർ വാഹനം ദേശീയ പാതയോരത്ത് വാഹനം നിര്‍ത്തിയശേഷം ഒരാൾ ഇറങ്ങി വന്ന് വാഹനത്തിന്റെ വാൾവ് തുറന്ന് മാലിന്യം ഡ്രൈനേജിലേക്ക് ഒഴുക്കുകയായിരുന്നു. ഇവിടെ സ്ഥാപിച്ച സിസിടിവിയിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രണ്ട് മിനിട്ടു കൊണ്ട് വാഹനം തിരിച്ച് കൊയിലാണ്ടി ഭാഗത്തേക്ക് തന്നെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.പി സുധീഷ്, വാർഡ് കൗൺസിലർ ഷാജി പാതിരിക്കാടും സ്ഥലം സന്ദര്‍ശിച്ചു, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപൻ മരുതേരി, ജെ.എച്ച്.ഐമാരായ റിഷാദ് കെ, ജമീഷ് മുഹമ്മദ് എന്നിവർ സ്ഥലത്തെത്തി ക്ലോറിനേഷൻ നടത്താന്‍ നേതൃത്വം നല്‍കി.

ഇത് മൂന്നാം തവണയാണ് ഈ പ്രദേശത്ത് മാലിന്യം ഒഴുക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മാലിന്യം തള്ളിയവരെയും വാഹനവും കണ്ടെത്താൻ പോലിസിൽ പരാതി നൽകി.




