സംസ്ഥാനത്തെ ദേശീയപാതയോരത്തെ മദ്യശാലകൾക്ക് ഇന്ന് പൂട്ട്‌വീഴും
കോഴിക്കോട്: ദേശീയ – സംസ്ഥാന പാതയോരത്തെ എല്ലാത്തരം മദ്യശാലകളും പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും ബിയര്‍പാര്‍ലറുകളും കള്ളുഷാപ്പുകളും പഞ്ചനക്ഷത്ര ബാറുകളും അടക്കമുള്ളവ പൂട്ടേണ്ടിവരും.
സംസ്ഥാനത്തെ എക്സൈസ് ലൈസന്‍സുകള്‍ മാര്‍ച്ച് 31 ന് അവസാനിക്കുന്നതിനാല്‍ ഇന്നുരാത്രിതന്നെ ഇവ അടച്ചുപൂട്ടേണ്ടിവരും. ബിവറേജസ് കോര്‍പ്പറേഷന്റെ 144 ഔട്ട്ലെറ്റുകളാണ് പാതയോരത്ത് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവ അവര്‍ മാറ്റിസ്ഥാപിച്ചിരുന്നു. കണ്‍സ്യൂമര്‍ഫെഡ്ഡിന്റെ 13 ഔട്ട്ലെറ്റുകള്‍ പാതയോരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

മഹാരാഷ്ട്രയില്‍ ബാറുകളും റസ്റ്റോറന്റുകളും മദ്യവില്‍പ്പനകേന്ദ്രങ്ങളുമടക്കം 15,500 സ്ഥാപനങ്ങള്‍ക്ക് അടച്ചുപൂട്ടും. അതേസമയം പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗോവയില്‍ 4500-ഓളം ബാറുകള്‍ പൂട്ടേണ്ടിവരും. മദ്യവില്‍പനയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 50 ശതമാനം ഇതോടുകൂടി സംസ്ഥാന ഖജനാവിന് നഷ്ടമാകും.

ഗോവയില്‍ നിലവില്‍ 9000-ത്തില്‍ കൂടുതല്‍ ബാറുകള്‍ ഉണ്ട്. ഇവയില്‍ പകുതിയലധികവും സംസ്ഥാന, ദേശീയപാതകള്‍ക്കരികിലാണ്. ഇവയെല്ലാം പൂട്ടാന്‍ ഗോവന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും.

