കോഴിക്കോട് ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ് തുടങ്ങും
.
കോഴിക്കോട്: കോഴിക്കോട് ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ് തുടങ്ങും. രാമനാട്ടുകര മുതല്‍ വെങ്ങളം വരേയുള്ള പാതയില്‍ വ്യാഴാഴ്ച രാവിലെ എട്ട് മണി മുതലാണ് ടോള്‍ പിരിവ് ആരംഭിക്കുക. ടോള്‍പിരിവിനായുള്ള എല്ലാ സംവിധാനങ്ങളും പൂർണസജ്ജമാണെന്ന് ദേശിയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിജ്ഞാപനം ദേശിയ പാത അതോറിറ്റി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മൂവായിരം രൂപയുടെ ഫാസ്ടാഗ് എടുക്കുന്നവർക്ക് ഒരു വർഷം 200 യാത്രകള്‍ നടത്താന്‍ സാധിക്കും. 24-മണിക്കൂറിനകം ഇരുഭാഗത്തേക്കും പോവുന്ന വാഹനത്തിന് മടക്കയാത്രയിൽ ടോൾനിരക്കിൽ 25 ശതമാനം കിഴിവുണ്ട്. കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ ചെയ്ത നാഷണൽ പെർമിറ്റ് അല്ലാത്ത കൊമേഴ്സ്യൽ വാഹനങ്ങൾക്ക് 50 ശതമാനമാണ് ടോള്‍ നിരക്കിലെ ഇളവ്. ഒരു മാസം അന്‍പത് തുടർച്ചയായ യാത്ര നടത്തുന്ന വാഹനത്തിനും ടോള്‍ നിരക്കില്‍ 33 ശതമാനം ഇളവുണ്ട്.

ടോള്‍പ്ലാസയുടെ 20 കിലോ മീറ്റർ പരിധിയില്‍ താമസിക്കുന്നവർക്ക് 340 രൂപയുടെ പാസ് നല്‍കും. ചൊവ്വാഴ്ച മാത്രം സമീപവാസികളായ 25 പേർക്ക് പാസുകള്‍ നല്‍കിയിട്ടുണ്ട്. തുടക്കത്തില്‍ ടോള്‍പിരിവ് തുടങ്ങിയതിന് ശേഷം മാത്രമേ ഇത്തരത്തിലുള്ള പാസ് നല്‍കുമെന്നായിരുന്നു ടോള്‍ നടത്തിപ്പുകാർ പറഞ്ഞത്. എന്നാല്‍ പിന്നീട് ഇന്നലെ തന്നെ പാസ് വിതരണം ചെയ്യുകയായിരുന്നു.

അതേസമയം, കാസർകോട് – മംഗ്ളൂരു ദേശീയ പാതയിലെ കുമ്പള ടോൾ പ്ലാസയ്ക്കെതിരായ സമരം ആക്ഷൻ കമ്മറ്റി കൂടുതല്‍ ശക്തമാക്കുകയാണ്. സമരത്തിന് നേതൃത്വം നൽകുന്ന മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് രാത്രിയിലും സമര പന്തലിൽ സജീവമാണ്. പ്രശ്നത്തിനു പരിഹാരം കാണാതെ സമര പന്തലിൽ നിന്നു മാറില്ലെന്നാണ് എംഎല്‍എയുടെ നിലപാട്. ഫാസ്റ്റ് ടാഗ് ഉള്ള വാഹനങ്ങളിൽ നിന്നു മാത്രമാണ് ചൊവ്വാഴ്ച ടോൾ പിരിച്ചത്.



