മൊഹബ്ബത്തിൻ്റെ ബിരിയാണിയുമായി വന്മുകം-എളമ്പിലാട് എംഎൽപി സ്കൂൾ
.
ചിങ്ങപുരം: ‘ടീച്ചറേ ഇന്ന് ആരുടെ പിറന്നാളാ’..? രാവിലെ തന്നെ കുട്ടികളുടെ ചോദ്യത്തിൻ്റെ ഉദ്ദേശ്യം ഇന്ന് ബിരിയാണി ഉണ്ടോന്നറിയാനുള്ള ആകാംക്ഷയാണ്. ചിങ്ങപുരം വന്മുകം-എളമ്പിലാട് എംഎൽപി സ്കൂളിൽ ‘അന്നം അമൃതം’ പദ്ധതിയിലൂടെ എല്ലാ ആഴ്ചയും പിറന്നാളാഘോഷത്തിൻ്റെ ബിരിയാണി മേളമാണ്. സ്കൂളിലെ കുട്ടികളും, അധ്യാപകരും തങ്ങളുടെ പിറന്നാൾ കൂട്ടുകാർക്ക് ചിക്കൻ ബിരിയാണി നൽകി ആഘോഷമാക്കി മാറ്റി വരുന്നു. ബിരിയാണിയുടെ ചിലവിലേക്കുള്ള ഒരു വിഹിതം പിറന്നാളുകാരനിൽ നിന്നും, ബാക്കി തുക ഉച്ചഭക്ഷണ കമ്മിറ്റിയും കണ്ടെത്തി വരുന്നു.
ഇതു പ്രകാരം ശരാശരി ഒരാഴ്ചയിൽ ഒരു ദിവസമെങ്കിലും ചിക്കൻ ബിരിയാണി ഉണ്ടാവാറുണ്ട്.

ചില ആഴ്ചകളിൽ ഒന്നിൽ കൂടുതൽ ദിവസവും ഉണ്ടാവും. അടുത്തടുത്ത ദിവസങ്ങളിൽ ബിരിയാണി വരുമ്പോൾ മന്തിയിലേക്കും, നെയ്ച്ചോറിലേക്കും മെനു മാറ്റിയും കുട്ടികളുടെ രുചി വൈവിധ്യങ്ങൾക്കനുസരിച്ച് ഭക്ഷണമൊരുക്കുകയാണീ വിദ്യാലയം. ‘അന്നം അമൃതം’ പദ്ധതിയിലൂടെ മികച്ച ഭക്ഷണ ശീലം ഉറപ്പാക്കാനുള്ള ഇടപെടലുകളും നടത്തി വരുന്നു. ഓരോ ദിവസവും ഉച്ചഭക്ഷണ സമയത്ത് കുട്ടികളുടെ പ്രത്യേക സംഘം ക്ലാസുകൾ സന്ദർശിച്ച് പുറത്ത് വീണ ചോറ് മണികൾ എണ്ണി നോക്കി
പ്രത്യേക റജിസ്റ്ററിൽ രേഖപ്പെടുത്തി മികച്ച ഭക്ഷണ ക്രമം പാലിച്ച കുട്ടികളെയും, ക്ലാസിനെയും ഓരോ മാസവും കണ്ടെത്തി സമ്മാനദാനവും നടത്തി വരുന്നു. വീട്ടിൽ കൃഷി ചെയ്ത വിഷരഹിത പച്ചക്കറികൾ സമാഹരിച്ച് ഉച്ച ഭക്ഷണ വിഭവങ്ങൾക്കൊപ്പം ഉൾപ്പെടുത്താനും ഈ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്.



