KOYILANDY DIARY.COM

The Perfect News Portal

കൊല്ലം – നെല്ല്യാടി മേപ്പയ്യൂർ റോഡ്  നവീകരിക്കുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നു

കൊയിലാണ്ടി: കൊല്ലം – നെല്ല്യാടി മേപ്പയ്യൂർ റോഡ്  നവീകരിക്കുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നു. ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കും  കിഫ്ബിയിൽ നിന്നും  നഷ്ടപരിഹാരം നൽകും. ഭൂമിയേറ്റെടുക്കലിന് ഉള്‍പ്പെടെ ഈ പദ്ധതിക്കായി  കിഫ്ബി യിൽ നിന്നും 39 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിർമ്മാണ മേൽനോട്ടം വഹിക്കുന്ന കെ.ആർ.എഫ്.ബി എഞ്ചിനീയർമാരുമായി ചേർന്ന് പദ്ധതിയുടെ അവലോകനവും സ്ഥല സന്ദർശനവും കാനത്തിൽ ജമീല എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നു.  കൊയിലാണ്ടി മണ്ഡലത്തിൽ ഉൾപ്പെടുന്ന ഭാഗത്തെ വികസനപദ്ധതിയുടെ രൂപരേഖ കൊയിലാണ്ടി നഗരസഭാ കൗൺസിൽ ഹാളിൽ വെച്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചു.  റോഡ് വികസനത്തിനായി ഭൂമിയും,സ്വത്ത് വകകളും പൊന്നും വിലയ്ക്ക് ഏറ്റെടുക്കുന്നതിനും വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതുപ്രകാരം റോഡിനിരു വശമുള്ള വീടുകൾ, ആരാധാനലയങ്ങൾ, കടകൾ എന്നിവ ഏറ്റെക്കുന്നതാണ് പദ്ധതി. റോഡിലെ വലിയ വളവുകൾ നിവർത്തി റോഡ് വീതികൂട്ടുന്നതോടെ ഇന്ധനചെലവും, യാത്രാ സമയവും അപകടങ്ങളും കുറയ്ക്കുന്നതിന് പദ്ധതി ഉപകരിക്കും. ഇതിനായി കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന വിയ്യൂർ, കീഴരിയൂർ, കൊഴുക്കല്ലൂർ, മേപ്പയൂർ വില്ലേജുകളിൽ നിന്നുള്ള ഭൂമി എറ്റെടുക്കുമ്പോൾ ഭൂവുടമകൾക്ക് കൈവശമുള്ള സ്ഥലത്തിൽ കുറവ് വരുകയും ഭൂമിയോട് ചേർന്നുള്ള ആസ്ത‌ികൾ നഷ്ടമാവുകയും ചെയ്യുന്നുണ്ട്. പദ്ധതി ബാധി‌തമാകുന്ന സ്ഥലത്തെ ഒരു വീട്  പൂർണ്ണമായും 25  വീട് ഭാഗികമായും മറ്റും നഷ്ടമാകും 86 ഓളം ഉടമകൾക്കു ചുറ്റുമതിൽ, ഗേറ്റ്, കിണർ, തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾ നഷ്ടമാകും. 8 കടകൾ പൂർണ്ണമായും ഏറ്റെടുക്കും. കൂടാതെ 43 കടകളുടെ മുൻഭാഗം നഷ്ടമാകും, 3 ആരാധാനാലയങ്ങളും. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഏറ്റെടുക്കൽ ബാധിക്കും, വരുമാന മാർഗ്ഗം നഷ്ടമാകും 40 ഓളം വാടകക്കാരും 20 തൊഴി‌ലാളികൾക്കും തൊഴിൽ നഷ്ടമാകും. മൂന്ന് ആരാധനാലയവും ഒരു വിദ്യാദ്യാസ സ്ഥാപനവും ചെറിയതോതിൽ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരും. ഭൂരിഭാഗം വരുന്ന ഉടമകൾക്കും കൈവശ ഭൂമിയുടെ അളവ് കുറയുകയും ചെയ്യും. കൂടാതെ പദ്ധതിബാധിത പ്രദേശത്തെ  വിവിധ വിളകളുടെ കൃഷികളെയും ബാധിക്കുകയും ചെയ്യും. പദ്ധതിക്ക് വേണ്ടി നിലവിലെ രൂപരേഖ പ്രകാരം ഭൂമി എറ്റെടുക്കുമ്പോൾ ഭൂമിയും സ്വത്തും നഷ്ടമാവുമെങ്കിലും പദ്ധതി പ്രദേശത്ത് കൂടെയുള്ളഗതാഗതം സുഗമമാക്കി പ്രദേശത്തിൻ്റെ സമഗ്ര വികസനത്തിന് വഴിവെക്കും എന്നതിനാൽ സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠന സർവ്വെയിൽ പങ്കെടുത്ത ഏറെക്കുറെ എല്ലാ ഭൂവുടമകൾക്കും പദ്ധതിയെക്കുറിച്ച് അനുകൂലാനോഭാവമാണ് എന്ന് മനസിലാക്കി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കൊല്ലം നെല്ല്യാടി മേപ്പയൂർറോഡ് നിർമ്മിക്കുന്നതിനായി മേപ്പയൂർ പഞ്ചായത്തിലും കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലും ഉൾപ്പെടുന്ന വിയ്യൂർ കീഴരിയൂർ കൊഴുക്കല്ലൂർ മേപ്പയൂർ എന്നീ വില്ലേജുകളിൽ നിന്ന് ഏകദേശം 450 സെന്റ്ഭൂമി ഏറ്റെടുക്കുവാൻ ഉദേശിക്കുന്നത്. ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം 2013 വകുപ്പ് 2 b() പ്രകാരം നിർദ്ദിഷ്ട പൊതു ആവശ്യം കൈവരിക്കാനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ജില്ലാ കലക്ടർക്ക് വേണ്ടി. ഡെപ്യൂട്ടികലക്ടർ എൽഎ യ്ക്കാണ് ചുമതല, ആക്ഷേപങ്ങൾ 60 ദിവസത്തിനുളളിൽ നൽകണം. യോഗത്തിൽ കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ. അജിത് മാസ്റ്റർ, കൗൺസിലർമാരായ കെ.എം. നന്ദനൻ, ശൈലജ, ഷീബ അരീക്കൽ, ലിൻസി, വി. രമേശൻ എന്നിവരും കേരള റോഡ് ഫണ്ട് ബോർഡ്‌ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് (കെ.ആർ.എഫ്.ബി) അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ രജിന, അസിസ്റ്റന്റ് എഞ്ചിനീയർ വിഷ്ണു എന്നിവർ പങ്കെടുത്തു. കൊല്ലം മുതല്‍ മേപ്പയ്യൂര്‍ വരെയുള്ള 9.6 കിലോമീറ്റര്‍ ദൂരമാണ് 10 മീറ്റര്‍ വീതിയില്‍ നവീകരിക്കുന്നത്. 7 മീറ്റർ വീതിയിലാണ് ടാര്‍ ചെയ്യുന്നത്. വീതി വര്‍ദ്ധിപ്പിക്കുന്നതിനായി ഇരുഭാഗത്തും സ്ഥലം ഏറ്റെടുക്കുന്നതിന് 5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കൂടുതൽ തുക ആവശ്യമാണെന്ന് കണ്ടാൽ അനുവദിക്കും. ഇരുഭാഗത്തും ഡ്രെയിനേജ് സംവിധാനം ഉണ്ടാവും,  20 ഓളം കള്‍വെര്‍ട്ടുകള്‍ പുതുതായി പണിയുകയും നിലവിലുള്ള 19 എണ്ണത്തിന്റെ നീളം വര്‍ദ്ധിപ്പിക്കുകയും ചെയ്യും, 22 ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം.എൽ.എ. പറഞ്ഞു.
Share news