അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ ലഭിക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് കോടതിയിൽ അപേക്ഷ നൽകും
പത്തനംതിട്ട സ്വദേശിനി നൽകിയ പുതിയ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ ലഭിക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് കോടതിയിൽ അപേക്ഷ നൽകും. തിരുവല്ല കോടതിയിലാണ് പോലീസ് അപേക്ഷ സമർപ്പിക്കുക. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കണമെന്നും പോലീസ് കോടതിയെ അറിയിക്കും.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. എന്നാൽ പ്രതിക്കെതിരെയുള്ള കുറ്റങ്ങൾ ഗൗരവകരമാണെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കും.

മൂന്നാമത്തെ ബലാത്സംഗ ഗർഭച്ഛിദ്ര കേസിലാണ് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം രാഹുലിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയിലും കോടതി ഇന്ന് എടുക്കുന്ന തീരുമാനം കേസിൽ നിർണ്ണായകമാകും.

രാഹുലിനെതിരെ സമർപ്പിച്ച മൂന്നാമത്തെ ബലാത്സംഗ പരാതിയാണിത്. നേരത്തെ രണ്ട് കേസുകളുണ്ടായിരുന്നു. രണ്ട് കേസുകളിലും രാഹുലിന് ജാമ്യം ലഭിച്ചിരുന്നു. ശനിയാഴ്ച അർദ്ധരാത്രി പാലക്കാട്ടെ ഒരു ഹോട്ടലിൽ നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇതിന് ശേഷം പത്തനംതിട്ടയിലെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.




