നേട്ടത്തിന്‍റെ നെറുകയിൽ ലൈഫ് പദ്ധതി: ലൈഫ് മികച്ച ഭവന പദ്ധതിയെന്ന് നീതി ആയോഗ്
.
ഇടത് സർക്കാരിന്‍റെ ഭവന പദ്ധതിയായ ലൈഫ് പദ്ധതി നേട്ടത്തിന്‍റെ നെറുകയിൽ. രാജ്യത്തെ മികച്ച ഭവന പദ്ധതികളിലൊന്നായി ലൈഫ് മിഷനെ നീതി ആയോഗ് തെരഞ്ഞെടുത്തു. ഫെബ്രുവരിയിൽ 5 ലക്ഷം വീടുകൾ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്നുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വയനാട്ടിൽ വീടുവെച്ച് നൽകുമെന്ന് പറയുന്ന പോലെയല്ല ഇതെന്നും, ചെയ്യാൻ കഴിയുന്നതേ പറയൂ, പറയുന്നതേ ചെയ്യൂ എന്നും മന്ത്രി പറഞ്ഞു.

കുറഞ്ഞ ചിലവില്‍ നടപ്പാക്കുന്ന ഭവന നിര്‍മാണ പദ്ധതികളിലാണ് ബെസ്റ്റ് പ്രാക്ടീസായി നീതി ആയോഗ് ലൈഫിനെ അംഗീകരിച്ചത്. ഈ പദ്ധതി ബഹുമുഖ പങ്കാളിത്തത്തിൽ സാമൂഹ്യ അധിഷ്ഠിത മാതൃകയെന്ന് നീതി ആയോഗ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഇതുവരെ ലൈഫ് പദ്ധതിയിൽ 6.5 ലക്ഷം വീടുകൾ നിർമ്മിക്കാനാണ് കരാർ വെച്ചിട്ടുള്ളത്. ഇതിൽ 4.07 ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. നിലവിൽ 1.02 ലക്ഷം വീടുകളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഫെബ്രുവരിയിൽ 5 ലക്ഷം വീടുകൾ പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം.

ഇന്ത്യയിൽ ഭവന നിർമ്മാണത്തിനായി ഏറ്റവും കൂടുതൽ തുക നൽകുന്ന പദ്ധതിയാണിത്. സാധാരണക്കാർക്ക് 4 ലക്ഷം രൂപയും, പട്ടികവർഗ്ഗ മേഖലകളിൽ ഉള്ളവർക്ക് 6 ലക്ഷം രൂപയുമാണ് ഇതിനായി നൽകുന്നതെന്നും എംബി രാജേഷ് പറഞ്ഞു. ലൈഫ് മിഷൻ പൂട്ടുമെന്ന് മുൻപ് പ്രഖ്യാപിച്ച യുഡിഎഫിനെ എം ബി രാജേഷ് വിമർശിച്ചു. പറഞ്ഞ കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കുന്ന എൽഡിഎഫ് നയവും, വാഗ്ദാനങ്ങളിൽ നിന്ന് പിന്നാക്കം പോകുന്ന യുഡിഎഫ് നയവും തമ്മിലുള്ള വ്യത്യാസമാണ് കണക്കുകളിലൂടെ കാണാനാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.



