പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് സമുദ്ര സംരക്ഷണം: കൊയിലാണ്ടിയിൽ വിദ്യാർത്ഥികളും സമൂഹവും കൈകോർത്തു
.
കൊയിലാണ്ടി: സ്റ്റേറ്റ് ഫിഷറീസ് മാനേജ്മെന്റ് കൗൺസിലിന്റെ ഭാഗമായി കൊയിലാണ്ടി മത്സ്യഭവന്റെ നേതൃത്വത്തിൽ ജിആർഎഫ്ടിഎച്ച്എസ് സ്കൂളിൽ “Stop Marine Pollution from Plastic Waste” എന്ന വിഷയത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പോസ്റ്റർ മത്സരവും മത്സ്യസമ്പത്ത് സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കടലോര നടത്തം പരിപാടിയും സംഘടിപ്പിച്ചു. സമുദ്രത്തിലേക്ക് ഒഴുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രജീവജാലത്തിനും മത്സ്യസമ്പത്തിനും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരണം സൃഷ്ടിക്കുന്നതിനായിരുന്നു പരിപാടിയുടെ ലക്ഷ്യം.

പോസ്റ്റർ മേക്കിങ് മത്സരത്തിൽ 25 വിദ്യാർത്ഥികൾ പങ്കെടുത്തു. പ്ലാസ്റ്റിക് മലിനീകരണം മൂലം കടലാമകൾ, മത്സ്യങ്ങൾ എന്നിവ നേരിടുന്ന അപകടങ്ങളും സമുദ്ര പരിസ്ഥിതിയുടെ നാശവും കുട്ടികൾ അവരുടെ സൃഷ്ടികളിലൂടെ ശക്തമായി അവതരിപ്പിച്ചു. മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും സ്റ്റേറ്റ് ഫിഷറീസ് മാനേജ്മെന്റ് കൗൺസിലിന്റെ കടലോര നടത്തം പരിപാടിയുടെ ഉദ്ഘാടനവും കൊയിലാണ്ടി നഗരസഭ ചെയർമാൻ യു. കെ. ചന്ദ്രൻ നിർവഹിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ ജീവിതശൈലി സ്വീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളും പൊതുസമൂഹവും മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ വാർഡ് കൗൺസിലർ പ്രിയങ്ക അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ആതിര ഒ, സ്കൂൾ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സരിത എസ്, സന്ധ്യ പി. കെ എന്നിവർ സംസാരിച്ചു. മത്സ്യസമ്പത്തിന്റെ വൈവിധ്യവും അതിന്റെ സംരക്ഷണത്തിനുള്ള നടപടികളും വിശദീകരിച്ച അവർ, കടൽ മലിനീകരണം തടയുന്നതിൽ സമൂഹത്തിന്റെ പങ്ക് നിർണായകമാണെന്ന് വ്യക്തമാക്കി. പരിപാടിക്ക് സെൽവരാജൻ, എം.ഇ.ഡബ്ല്യു. പോലീസ് വിഭാഗത്തിൽ നിന്നുള്ള ഹരിദാസ് എന്നിവർ സംസാരിച്ചു. മത്സ്യത്തൊഴിലാളികൾ, മടപ്പള്ളി കോളേജ് വിദ്യാർത്ഥികൾ, പ്രൊമോട്ടർമാർ, റെസ്ക്യൂ ഗാർഡ്സ്, സാഗർമിത്ര പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു. മത്സ്യസമ്പത്തിന്റെ വൈവിധ്യം നിലനിർത്താനും സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കാനും ലക്ഷ്യമാക്കി സംഘടിപ്പിച്ച ഈ പരിപാടി വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും ശക്തമായ ബോധവൽക്കരണം സൃഷ്ടിക്കാൻ സഹായകമായി.



