ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു
.
ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ (80) അന്തരിച്ചു. ദീർഘകാല അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെ 6 മണിയോടെ ധാക്കയിലായിരുന്നു അന്ത്യം. ഖാലിദ സിയയുടെ വിയോഗം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഖാലിദ സിയയ്ക്ക് കരളിലെ സിറോസിസ്, പ്രമേഹം, ആർത്രൈറ്റിസ്, ഹൃദയവും നെഞ്ചുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് ഖാലിദ സിയയുടെ വിയോഗത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി.

മൂന്നു തവണ പ്രധാനമന്ത്രിയായിരുന്ന ഖാലിദ സിയയും എതിരാളിയായ ഷെയ്ഖ് ഹസീനയും ചേർന്ന് മൂന്ന് ദശകത്തിലധികം ബംഗ്ലാദേശ് രാഷ്ട്രീയത്തെ നിയന്ത്രിച്ച “ബാറ്റിലിംഗ് ബേഗംസ്” എന്നറിയപ്പെട്ട കാലഘട്ടത്തിന് ഇതോടെ തിരശ്ശീല വീണു. 1946 ഓഗസ്റ്റ് 15ന് ദിനാജ്പൂരിൽ ജനിച്ച ഖാലിദ സിയ, 1981ൽ ഭർത്താവും മുൻ പ്രസിഡന്റുമായ സിയൗർ റഹ്മാൻ കൊല്ലപ്പെട്ടതോടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്.

സൈനിക ഭരണത്തിനെതിരായ പ്രക്ഷോഭങ്ങളിൽ മുൻനിരയിൽ നിന്ന അവർ 1991ൽ അധികാരത്തിലെത്തി. പാർലമെന്ററി സംവിധാനം ശക്തിപ്പെടുത്തൽ, വിദ്യാഭ്യാസ പരിഷ്‌കരണങ്ങൾ, വിദേശ നിക്ഷേപങ്ങൾക്ക് പ്രോത്സാഹനം എന്നിവ അവരുടെ ഭരണകാലത്തെ പ്രധാന നടപടികളായിരുന്നു. ഖാലിദ സിയയുടെ വിയോഗത്തിൽ ബിഎൻപി ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകളുടെ തീയതി പിന്നീട് അറിയിക്കുമെന്ന് പാർട്ടി അറിയിച്ചു.




