ആരവല്ലി മലനിരകളെ സംബന്ധിച്ച പുതുക്കിയ നിർവചനം സുപ്രീം കോടതി മരവിപ്പിച്ചു
.
ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച ആരവല്ലി മലനിരകളിന്മേലുള്ള പുതുക്കിയ നിർവചനം സുപ്രീം കോടതി മരവിപ്പിച്ചു. വിഷയത്തിൻ്റെ പാരസ്ഥിതിക ആഘാതം ഉൾപ്പെടെ പരിശോധിക്കാൻ ഉന്നതാധികാര വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശം നൽകി. ഈ സമിതി രൂപീകരിക്കുന്നത് വരെയാണ് സ്റ്റേ. പഴയ കമ്മിറ്റിയുടെ ശുപാർശകളും അതിനെ തുടർന്നുണ്ടായ കോടതി നിർദ്ദേശങ്ങൾക്കുമാണ് സ്റ്റേ.

മുൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ ബെഞ്ചിന്റെ പുതിയ നിർവചനത്തിനാണ് സുപ്രീംകോടതി സ്റ്റേ. നൂറുമീറ്ററോ അതിൽക്കൂടുതലോ ഉയരമുള്ള കുന്നുകളെമാത്രം ആരവല്ലി മലനിരകളുടെ ഭാഗമായി കണക്കാക്കുമെന്നതായിരുന്നു പുതിയ നിർവചനം. ഇതിൽ വ്യക്തത വേണമെന്നാണ് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടത്.

പുതിയ നിർവചനം സംബന്ധിച്ച് ചില ചോദ്യങ്ങളും കോടതി സർക്കാരിനോട് ഉന്നയിച്ചിട്ടുണ്ട്. ഇതിനുള്ള മറുപടി നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകി. ആരവല്ലി നിരകളുടെ പാരിസ്ഥിതികമായ തുടർച്ച എങ്ങനെ നിലനിർത്തും എന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.




