ഇനി ദേശാടനശലഭക്കാലം; ചീങ്കണ്ണിപ്പുഴയോരത്ത് വർണ്ണവസന്തമൊരുക്കി ദേശാടന ശലഭങ്ങളെത്തി
.
ശൈത്യകാലം ആരംഭിച്ചതോടെ പശ്ചിമഘട്ടത്തിൽ നിന്നുള്ള അതിഥികൾ കണ്ണൂരിൽ വിരുന്നെത്തി. ആറളം മേഖലയിലെ ചീങ്കണ്ണിപ്പുഴയുടെ തീരത്താണ് നൂറുകണക്കിന് ദേശാടന പൂമ്പാറ്റകൾ കൂട്ടമായി എത്തിയത്. പുഴയോരത്തെ മണൽത്തിട്ടകളിൽ വർണ്ണച്ചിറകുകൾ വിരിച്ചുനിൽക്കുന്ന ശലഭക്കൂട്ടം പ്രകൃതിസ്നേഹികൾക്കും വിനോദസഞ്ചാരികൾക്കും വർണ്ണവസന്തമൊരുക്കി.

ദീർഘദൂര ദേശാടനത്തിനിടയിൽ തളരുന്ന ശലഭങ്ങൾ തങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ ശേഖരിക്കാനാണ് പുഴയോരങ്ങളിൽ തങ്ങുന്നത്. നനഞ്ഞ മണ്ണിൽ നിന്നും ഉപ്പും അമിനോ ആസിഡുകളും വലിച്ചെടുക്കുന്ന ‘ചെളിയൂറ്റൽ’ എന്ന പ്രക്രിയക്കായാണ് ഇവ പ്രധാനമായും ഇവിടെ എത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ശലഭങ്ങൾ എത്തുമെന്നാണ് നിരീക്ഷകർ കരുതുന്നത്.

ഇത്തവണ വൈവിധ്യമാർന്ന നിരവധി ഇനങ്ങളെ പുഴയോരത്ത് കണ്ടെത്തിയിട്ടുണ്ട്. ശലഭനിരീക്ഷകൻ നിഷാദ് മണത്തണയുടെ നിരീക്ഷണപ്രകാരം താഴെ പറയുന്നവയാണ് ഇത്തവണ വന്നെത്തിയ പ്രധാന ശലഭ ഇനങ്ങൾ

- ആൽബട്രോസ്, ചോക്ലേറ്റ് ആൽബട്രോസ്
- നാട്ടുകുടുക്ക, നീലകുടുക്ക
- വിലാസിനി, ചോലവിലാസിനി
- വൻ ചെഞ്ചിറകൻ, മഞ്ഞപാപ്പാത്തി
- അരളി ശലഭം, കടുവാശലഭം
പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം വിളിച്ചോതുന്ന ഈ കാഴ്ച കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ചീങ്കണ്ണിപ്പുഴക്കരയിലേക്ക് എത്തുന്നത്. ജനുവരി അവസാന വാരം വരെ ഈ ശലഭസാന്നിധ്യം മേഖലയിൽ തുടരാനാണ് സാധ്യത.



