മതസൗഹാർദ്ദത്തിൻ്റെ മാതൃക തീർത്ത് കേരളം; ഭജനസംഘം ക്രിസ്മസ് ഗാനം പാടി കരോൾ സംഘത്തെ സ്വീകരിച്ചു
.
രാജ്യത്ത് കരോൾ ഗാന സംഘത്തിന് നേരെയും ക്രിസ്മസിനെതിരേയും ആർഎസിഎസിൻ്റെ നേതൃത്വത്തിൽ ആക്രമണം ഉണ്ടായപ്പോൾ കേരളം സൃഷ്ടിച്ചത് മതസൗഹാർദ്ദത്തിൻ്റെ മറ്റൊരു മാതൃകയാണ്. കോട്ടയം കുമരകത്ത് ഭജന നടന്നുകൊണ്ടിരുന്ന ഭവനത്തിൽ കരോൾ സംഘമെത്തിയപ്പോൾ ഭജന സംഘം ക്രിസ്തുമസ് ഗാനം പാടിയാണ് കരോൾ സംഘത്തെ സ്വീകരിച്ചത്.

കൊച്ചിടവട്ടം കുറുശ്ശേരിയിൽ ശിവന്റെ വസതിയിലായിരുന്നു മൈത്രിയുടേയും, സാഹോദര്യത്തിന്റേയും നേർ കാഴ്ച. സോഷ്യൽ മീഡിയയിൽ കേരളത്തിൻറെ ഈ മതേതര മാതൃകയ്ക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്.

വൃശ്‌ചികം ഒന്നിനാരംഭിച്ച് മകര വിളക്ക് തൊഴാൻ പോകുന്നതു വരെയാണ് മുടക്കം കൂടാതെ ശ്രി ധർമ്മശാസ്താ ഭജന സംഘം ഭജന നടത്തി വരുന്നത്. ഇതിനിടയിലേക്കാണ് കുട്ടികളുടെ കരോൾ സംഘമെത്തിയത്. ഭജന നടക്കുന്നതിനാൽ മടങ്ങാനായിരുന്നു കരോൾ സംഘത്തിന്റെ തീരുമാനം. എന്നാൽ ഭജന പാട്ടുകാർ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും അവരോടൊപ്പം കൂടുകയുമായിരുന്നു.

രാജ്യത്ത് വിവിധയിടങ്ങളിൽ ക്രിസ്മസിനെതിരെയും കരോൾ സംഘത്തിനെതിരേയും ആർഎസിഎസിൻ്റെ നേതൃത്വത്തിൽ നടന്ന ആക്രമണങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. കേരളത്തിൽ ആർഎസിഎസിൻ്റ ചില സ്കൂളുകളിലും ക്രിസ്മസ് ആഘോഷം വിലക്കിയപ്പോൾ കേരള സർക്കാർ ഇതിനെതിരെ കൃത്യമായ നിലപാടും സ്വീകരിച്ചിരുന്നു.



