ശബരിമല സ്വര്‍ണ മോഷണ കേസിലെ പ്രതികളുമൊത്തുള്ള സോണിയ ഗാന്ധിയുടെ ചിത്രം: മൗനം പാലിച്ച് കോൺഗ്രസ് നേതാക്കൾ
.
ശബരിമല സ്വർണ്ണക്കവർച്ച കേസിൽ കോണ്‍ഗ്രസ് നിലപാടിൽ വെള്ളം ചേർത്ത് കോൺഗ്രസ് നേതാക്കൾ. കേസിലെ പ്രതികളായ ബെല്ലാരി ഗോവർദ്ധൻ, പോറ്റി എന്നിവരോടൊപ്പമുള്ള സോണിയ ഗാന്ധിയുടെ ഫോട്ടോയാണ് നേതാക്കൾക്ക് കൂടുതൽ തിരിച്ചടിയായത്. ഇത് സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചതോടെ, വിഷയത്തിൽ ഇപ്പോൾ മൗനം പാലിക്കുകയാണ് കോൺഗ്രസ് നേതാക്കൾ.

2014ൽ യുഡിഎഫ് ഭരണകാലത്താണ് സ്വർണ്ണക്കവർച്ച കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തുന്നത്. കോൺഗ്രസിന്റെ ദേശീയ നേതാവ് സോണിയ ഗാന്ധിയുടെ വീട്ടിൽ രണ്ട് തവണ പോറ്റി സന്ദർശിച്ചു. പോറ്റിയെ സോണിയ ഗാന്ധിയുടെ വീട്ടിൽ വിളിച്ച് സത്ക്കരിക്കുകയും ചെയ്തു. പോറ്റിയെ സോണിയ ഗാന്ധിക്ക് മുൻപിൽ എത്തിച്ചത് ആന്റോ ആന്റണിയാണെന്നാണ് ഉയരുന്ന മറ്റൊരു ആരോപണം. ഇതൊക്കെയും ശരിയാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്ക് പോലും അപ്രാപ്യമായ സോണിയ ഗാന്ധിയുമായി ഇത്രയും കൂടിക്കാഴ്ച നടത്താനും ബന്ധം സ്ഥാപിക്കാനും എങ്ങനെ സാധിച്ചു എന്നതാണ് ഉയർന്ന മറ്റൊരു പ്രധാന ചോദ്യം. സോണിയ ഗാന്ധി ബെല്ലാരിയിൽ മത്സരിക്കുമ്പോൾ, ഗോവർദ്ധൻ അവിടുത്തെ സ്വർണ്ണ വ്യാപാരിയായിരുന്നു. ബെല്ലാരി ഗോവർദ്ധനും സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളും ഇതിനോടകം പ്രചരിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കേരളത്തിലെ കോൺഗ്രസിൽ അടൂർ പ്രകാശനോടാണ് കൂടുതൽ വ്യക്തി ബന്ധമെന്നും ഇത് തെളിയിക്കുന്നതാണ് ഇരുവരും തമ്മിലുള്ള ഫോട്ടോകളെന്നുമാണ് മറ്റൊരു ആക്ഷേപം.

അങ്ങനെ വിഷയം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നിലപാടിൽ വെള്ളം ചേർക്കുകയാണ്. സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും ബെല്ലാരി ഗോവർദ്ധനും തമ്മിലുള്ള കൂടിക്കാഴ്ചയെ കൃത്യമായ മറുപടി പറയാനാകുന്നില്ല. കഴിഞ്ഞ ദിവസം മുതൽ മാധ്യമങ്ങളുടെ ചോദ്യങ്ങളിലും മൗനം പാലിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. ഇതോടെ, വിഷയത്തിൽ കോൺഗ്രസിനുള്ള പങ്കാണ് പകൽപോലെ വ്യക്തമാകുന്നത്.



