മഞ്ഞുകാലത്ത് ബിപി കൂടാൻ സാധ്യത; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
.
ഡിസംബർ മാസത്തിൽ പല രോഗങ്ങളും നമ്മളെ തേടി എത്താറുണ്ട്. അതുകൊണ്ട് തന്നെ ഈ സമയത്താണ് ആരോഗ്യകാര്യങ്ങൾ കാര്യമായി ശ്രദ്ധിക്കേണ്ടത്. രക്തസമ്മർദം കൂട്ടുന്നത് കഠിനമായ ചൂടും നിർജലീകരണവുമാണ്. എന്നാൽ മഞ്ഞുകാലത്തും ബിപി വലിയ തോതിൽ വർധിക്കാൻ സാധ്യതയുണ്ട്. ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ ആണ് ഇതിനെ കുറിച്ച് പറയുന്നത്.

5 മുതൽ 10 mmHg വരെ രക്തസമ്മർദത്തിൽ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് ഹൃദ്രോഗികൾക്കും ബിപി രോഗികൾക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ശരിയായ മുൻകരുതലുകൾ എടുക്കുന്നത് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.

മഞ്ഞുകാലത്ത് ബിപി കൂടുന്നതിന്റെ പ്രധാന കാരണങ്ങൾ ഇവയൊക്കെ ആണ്

തണുപ്പിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനായി രക്തക്കുഴലുകൾ ചുരുങ്ങുന്നു. ഇത് രക്തം ഒഴുകുന്നതിനുള്ള തടസം വർധിപ്പിക്കുകയും ഹൃദയത്തിന് കൂടുതൽ സമ്മർദത്തോടെ രക്തം പമ്പ് ചെയ്യേണ്ടി വരികയും ചെയ്യുന്നു. ഇത് രക്തസമ്മർദം വർധിക്കാൻ കാരണമാകുന്നു.
തണുപ്പിനെ പ്രതിരോധിക്കാൻ ശരീരം അഡ്രിനാലിൻ, നോർഅഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നു. ഇവ ഹൃദയമിടിപ്പ് കൂട്ടുകയും രക്തക്കുഴലുകളെ കൂടുതൽ മുറുക്കുകയും ചെയ്യുന്നു. ഇതും അപകടമാണ്. തണുപ്പുകാലത്ത് വ്യായാമം ചെയ്യാൻ പലർക്കും മടിയാണ്. ശാരീരിക അധ്വാനം കുറയുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുകയും ബിപി നിയന്ത്രണാതീതമാകാൻ ഇടയാക്കുകയും ചെയ്യും.
തണുപ്പ് കാലത്തേ ഭക്ഷണരീതിയും നിങ്ങളുടെ ബിപിയെ ബാധിക്കാറുണ്ട്. ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണങ്ങൾ ശരീരത്തിൽ ജലാംശം തങ്ങിനിൽക്കാൻ കാരണമാവുകയും ബിപി ഉയർത്തുകയും ചെയ്യുന്നു. മഞ്ഞുകാലത്ത് സൂര്യപ്രകാശം കുറവായതിനാൽ ശരീരത്തിൽ വൈറ്റമിൻ ഡി ഉത്പാദനം കുറയുന്നു. വൈറ്റമിൻ ഡിയുടെ കുറവ് രക്തക്കുഴലുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
മുതിർന്ന പൗരന്മാർ, നിലവിൽ ഉയർന്ന രക്തസമ്മർദത്തിന് മരുന്ന് കഴിക്കുന്നവർ, പ്രമേഹ രോഗികൾ, വൃക്കരോഗമുള്ളവർ എന്നിവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.



