എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ് എന്ന് അറിയപ്പെടും
.
പേരിലും മാനദണ്ഡത്തിലും മാറ്റങ്ങൾ വരുത്തി എൽഎസ്എസ്, യുഎസ്എസ് പരീക്ഷ. പൊതുവിദ്യാലയങ്ങളിൽ നാല്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ് എന്ന് അറിയപ്പെടും.

അത് മാത്രമല്ല കൃത്യമായി പരീക്ഷ നടക്കാനായി നിശ്ചിത കലണ്ടർ അനുസരിച്ചാകും ഇനിയുള്ള പരീക്ഷകൾ. ഇനി മുതൽ ഓരോ വർഷവും നടക്കുന്ന പരീക്ഷകളുടെ നിലവാരം നോക്കി കട്ട് ഓഫ് മാർക്ക് അനുസരിച്ചാകും വിജയികളെ തിരഞ്ഞെടുക്കുക. ഇത്രയും നാൾ നിശ്ചിത ശതമാനത്തിന് മുകളിലായി മാർക്ക് നേടുന്നവരെയാണ് വിജയികളായി കണക്കാക്കിയിരുന്നത്. കട്ട ഓഫ് മാർക്ക് എത്ര എന്നുള്ളത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയിലുള്ള പരീക്ഷ ബോർഡ് നിശ്ചയിക്കും.

ഇത് പരീക്ഷയുടെ സ്ഥിരത വർദ്ധിപ്പിക്കുകയും അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കാനും സഹായിക്കും. എൽഎസ്എസിൽ സംസ്ഥാനതലത്തിൽ സ്‌കോളർഷിപ്പ് ജേതാക്കളെ നിശ്ചയിക്കുന്നതു ഉപജില്ലാതലത്തിലാക്കി മാറ്റി. യുഎസ്എസിൽ ഒഎംആർ പരീക്ഷാരീതി തുടരും. ഈ മാസം 30 മുതൽ സ്‌കൂൾ തലത്തിലുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. എൽപി, യുപി വിഭാഗങ്ങളിലായി നമ്മുടെ കുരുന്നുകളുടെ പഠനനിലവാരം ഉയർത്താനും അവരെ പ്രോത്സാഹിപ്പിക്കാനും ഈ മാറ്റങ്ങൽ സഹായിക്കും. എല്ലാ വിദ്യാർത്ഥികൾക്കും സിഎം കിഡ്സ് സ്‌കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയവും മന്ത്രി വി ശിവൻകുട്ടി ആശംസിച്ചു.




