ശബരിമല മണ്ഡലപൂജ: തങ്കയങ്കി രഥഘോഷയാത്ര ആരംഭിച്ചു
.
ശബരിമല മണ്ഡലപൂജക്ക് അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള രഥഘോഷയാത്ര രാവിലെ ഏഴിന് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. രാവിലെ അഞ്ച് മുതൽ ഏഴുവരെ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ പ്രത്യേകമൊരുക്കിയ സ്ഥലത്ത് തങ്കയങ്കിദർശനം ഭക്തർക്ക് ലഭ്യമാകും. ഘോഷയാത്രക്കായി തങ്കയങ്കി ആറന്മുള സ്ട്രോംഗ് റൂമിൽ നിന്ന് ശബരിമല അസി. എക്സിക്യൂട്ടീവ് ഓഫീസർ ഹേമന്ത് പുറത്തെടുത്ത് ആറന്മുള അസി. കമ്മീഷണർ ശ്രീലേഖയ്ക്ക് കൈമാറിയിട്ടുണ്ട്.

സായുധപൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ, ആരോഗ്യം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെയും ഭക്തജനങ്ങളുടെയും സംരക്ഷണയിലാണ് തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തേയ്ക്ക് തിരിക്കുന്നത്. വിവിധ ക്ഷേത്രങ്ങളിലെയും ഇടത്താവളങ്ങളിലെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി 26ന് വൈകീട്ടോടെ ഘോഷയാത്ര സന്നിധാനത്ത് എത്തും.

ഇന്ന് ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലും മറ്റന്നാൾ പെരുനാട് ശാസ്താ ക്ഷേത്രത്തിലും ഘോഷയാത്ര സംഘം 26-ാം തീയതി ഉച്ചയോടെ പമ്പയിൽ എത്തിച്ചേരും. ഉച്ചഭക്ഷണത്തിനുശേഷം ശരം കുത്തിയിൽ എത്തുന്ന തങ്കയങ്കി ഘോഷയാത്ര ദേവസ്വം ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരും ചേർന്ന് സ്വീകരിക്കും. വൈകിട്ട് ആറരയോടെ തങ്കയങ്കി ചാർത്തി ദീപാരാധന നടക്കും. തങ്കയങ്കി ഘോഷയാത്രയിൽ നൂറുകണക്കിന് വിശ്വാസികളും പങ്കെടുക്കും.




