ചങ്ങരോത്ത് ചാണക വെള്ളം തളിച്ച് ദളിത് പഞ്ചായത്ത് പ്രസിഡണ്ടിനെ അധിക്ഷേപിച്ച സംഭവം; മുസ്ലീം ലീഗിനെ തള്ളി കോഴിക്കോട് DCC നേതൃത്വം
.
കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസ് പരിസരത്ത് ചാണക വെള്ളം തളിച്ച് ദളിത് വിഭാഗത്തിൽപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ടിനെ അധിക്ഷേപിച്ച സംഭവത്തിൽ, മുസ്ലീം ലീഗിനെ തള്ളിപ്പറഞ്ഞ് കോഴിക്കോട് DCC നേതൃത്വം. ഇത്തരം നടപടികൾ ഒഴിവാക്കാമായിരുന്നു. അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയല്ല കോൺഗ്രസ് എന്നും DCC പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസ് പരിസരത്തും, പഞ്ചായത്ത് പ്രസിഡണ്ടിന്റെ മുറിയിലും ചാണക വെള്ളം തളിച്ച് മുസ്ലീം ലീഗ് പ്രവർത്തകർ വിജയാഹ്ലാദ പ്രകടനം നടത്തിയത്.

മുസ്ലീം ലീഗിന്റെ ജാതി അധിക്ഷേപത്തിൽ വ്യാപക വിമർശനം പൊതുസമൂഹത്തിൽ നിന്ന് ഉയർന്നുവന്നിരുന്നു. സംഭവത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി പൊലീസിന് പരാതി നൽകിയിരുന്നു. മുസ്ലീം ലീഗ് പ്രവർത്തകരുടെ പ്രവൃത്തിയെ പൂർണ്ണമായും തള്ളുകയാണ് കോഴിക്കോട് DCC നേതൃത്വം. വിഷയത്തിൽ കോഴിക്കോട് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം വന്നതോടുകൂടി പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ് മുസ്ലീം ലീഗ്.




