മേയറാര്? തിരുവനന്തപുരത്ത് ബിജെപിയിൽ തർക്കം രൂക്ഷം
.
തിരുവനന്തപുരം കോർപറേഷൻ മേയറെ കണ്ടെത്താനുള്ള ബിജെപിയിലെ തർക്കം രൂക്ഷമാകുന്നു. സംസ്ഥാന സെക്രട്ടറി വി വി രാജേഷിന്റെ പേരിനാണ് പ്രഥമ പരിഗണന നൽകിയിരുന്നതെങ്കിലും കൂടുതൽ പേരുകൾ ചർച്ചയിലേക്ക് വന്നതോടെയാണ് തർക്കം രൂക്ഷമായത്. ഇക്കാര്യം ഇന്ന് ചേരുന്ന ജില്ലാ കോർ കമ്മിറ്റിയിലും ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കാനാകുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തിയാൽ, ബിജെപി സംസ്ഥാന സെക്രട്ടറി വിവി രാജേഷിനെ മേയറാക്കാനായിരുന്നു നേതൃത്വത്തിന്റെ പ്രഥമ തീരുമാനം. വി വി രാജേഷിന് പുറമെ, ആർ ശ്രീലേഖ, കരമന അജിത് എന്നിവരുടെ പേരുകളാണ് കൂടുതൽ നേതാക്കൾ ഉന്നയിക്കുന്നത്.

രാഷ്ട്രീയ പരിചയത്തിലെ കുറവും ഡെപ്യൂട്ടി മേയർ സ്ഥാനത്തെ വനിതാ സംവരണവും ആർ ശ്രീലേഖയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. രാജേഷിന്റെ പേരിനോട് ഒരു വിഭാഗം നേതാക്കൾക്ക് താത്പര്യമില്ലെന്നും സൂചനയുണ്ട്. എന്നാൽ, കരമന വാർഡ് കൗൺസിലറായ കരമന അജിത്തിനെ മേയറാക്കിയാക്കിയാൽ പൊതുസ്വീകാര്യത വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.

ഇതോടെ, മേയർ സ്ഥാനത്തേക്കുള്ള ചർച്ചകൾ നീളുകയും തർക്കം രൂക്ഷമാവുകയും ചെയ്തു. അതേസമയം, ആർഎസ്എസ് നേതൃത്വത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്ത് മാത്രമേ മേയറെ തീരുമാനിക്കുകയുള്ളൂ. രണ്ട് ദിവസത്തിനുള്ളിൽ മേയറെ തീരുമാനിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും നടക്കുകയാണ്. ഇന്ന് ചേരുന്ന ജില്ലാ കോർ കമ്മിറ്റിയിൽ ഇക്കാര്യം ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കാനാകുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.



