‘ഗണഗീതം ശാഖയിൽ പാടിയാൽ മതി; പൊതു ചടങ്ങുകളിൽ അവതരിപ്പിച്ചാൽ ശക്തമായി ചെറുക്കും’: ഡിവൈഎഫ്ഐ
.
തപാൽ വകുപ്പ് തിരുവനന്തപുരം മേഖലാ ആസ്ഥാനത്ത് നാളെ സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ. ഇത് പൊതു ചടങ്ങുകളിൽ അവതരിപ്പിച്ചാൽ ശക്തമായി ചെറുക്കും. ദേശീയ ചിഹ്നങ്ങൾക്കും ഗീതങ്ങൾക്കും ബദലായി മത രാഷ്ട്ര ആശയങ്ങൾ കുത്തിനിറച്ച് വർഗീയമായി ജനങ്ങളെ വിഭജിക്കാനാണ് ആർഎസ്എസ് പരിശ്രമിക്കുന്നതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വിമർശിച്ചു.

ഇത്തരം നീക്കങ്ങളെ പ്രതിരോധിച്ചാണ് ദേശീയ പ്രസ്ഥാനം ആധുനിക ഇന്ത്യ കെട്ടിപ്പടുത്തത്. മതനിരപേക്ഷ ഇന്ത്യയെ തകർക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കാൻ യുവജനങ്ങളെ രംഗത്തിറക്കുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.

മനുഷ്യനെ കശാപ്പ് ചെയ്യാനും, വർഗീയത വളർത്താനും വേണ്ടിയുള്ള പരിശീലന ക്യംപായ ശാഖകളിൽ ആലപിക്കുന്ന ഗാനം പൊതു ചടങ്ങുകളിൽ അവതരിപ്പിച്ചാൽ ശക്തമായി ചെറുക്കും. ഗണഗീതം ശാഖയിൽ പാടിയാൽ മതി എന്നും ഡിവൈഎഫ്ഐ ഓർമ്മപ്പെടുത്തുന്നു. ആർഎസ്എസിന്റെ വർഗീയ അജണ്ടകളെ തുറന്നു കാട്ടാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.




