KOYILANDY DIARY.COM

The Perfect News Portal

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം; നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത പൊലീസിൽ പരാതി നൽകി

.

സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിൽ പൊലീസിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ അതിജീവിതയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഈ വീഡിയോ ഉള്‍പ്പടെ നീക്കം ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കൊപ്പം മാര്‍ട്ടിന്‍റെ വീഡിയോ പ്രചരിപ്പിച്ച ലിങ്കുകളും പോലീസിന് കൈമാറി. അതിജീവിതയുടെ പരാതിയില്‍ പോലീസ് ഉടന്‍ കേസെടുക്കും.

 

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്‍റെ വീഡിയോ പുറത്തുവന്നത്. അതിജീവിതയെ ഉള്‍പ്പടെ അധിക്ഷേപിച്ചുകൊണ്ട് മാർട്ടിൻ സംസാരിക്കുന്ന വീഡിയോയാണിത്. മാര്‍ട്ടിന്‍ ജാമ്യത്തിലായിരുന്ന സമയത്ത് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടി പരാതി നല്‍കിയത്. സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കുന്നുവെന്നുമായിരുന്നു അതിജീവിത പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Advertisements

 

മാർട്ടിന്‍റെ വീഡിയോ പങ്കുവെച്ചവർക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഐജി ഹരിശങ്കറിനാണ് പരാതി നൽകിയത്. പരാതിക്കൊപ്പം ബന്ധപ്പെട്ട വീഡിയോ ലിങ്കുകളും കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ താൻ നേരിടുന്ന സൈബർ ആക്രമണം സംബന്ധിച്ച് അതിജീവിത ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പിന്നാലെ ഇതിൽ കര്‍ശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു. അതിജീവിതയെ അധിക്ഷേപിച്ചവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. മാർട്ടിന്റെ വീഡിയോ പങ്കുവെച്ചവർക്കെതിരെ കടുത്ത വകുപ്പുകൾ ചേർത്തായിരിക്കും നടപടി സ്വീകരിക്കുക.

Share news