വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു
വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു. ചീക്കല്ലൂർ വയലിലെ തുരുത്തിലാണ് അഞ്ചു വയസ്സുള്ള ആൺ കടുവ ഉള്ളത്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ദൗത്യത്തിനിടെ കൈതക്കാടിൽ നിന്ന് കടുവ ജനവാസ മേഖലയിലേക്ക് ഓടി. വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിക്കുന്നുണ്ട്. രാത്രിയിൽ കടുവയെ കാട്ടിലേക്ക് തുരത്തുകയാണ് ലക്ഷ്യം. വളരെ ശ്രമകരമായ ദൗത്യമാണ് പ്രദേശത്ത് നടക്കുന്നത്. പ്രദേശവാസികളോട് വീടിനകത്ത് തന്നെ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.

അതിനിടെ വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അത്യന്തം ദുഷ്കരമായ നടപടികള്‍ സ്വീകരിച്ച് വരികയാണ് എന്നും ഈ ദൗത്യം നിര്‍വഹിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വനം മന്ത്രി എ കെ ശശീന്ദ്രന് അഭ്യര്‍ത്ഥിച്ചു.

ജനവാസ മേഖലയില്‍ ശ്രദ്ധാപൂര്‍വം മാത്രമേ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. രാത്രിയില്‍ മയക്കു വെടി വയ്ക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണം ആയേക്കാം. ആവശ്യമെങ്കില്‍ മയക്കു വെടി വയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. രാത്രിയില്‍ വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങരുത് എന്നും മന്ത്രി അഭ്യര്‍ഥിച്ചു.




